ടെഹ്റാൻ: അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്യുന്നതും മകൻ ബാരൺ ട്രംപിന് നേരെ ഭീഷണി മുഴക്കുന്നതുമായ വിവാദ വീഡിയോ പുറത്തുവിട്ട് ഇറാനിലെ ‘തസ്‌നീം ന്യൂസ്’ ഏജൻസി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പുമായി ബന്ധമുള്ള മാധ്യമമാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക–ഇറാൻ ബന്ധം കടുത്ത നയതന്ത്ര, സൈനിക സംഘർഷത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് പുതിയ വിവാദം.
‘മെലാനിയയെ എവിടെ വച്ച് കൊല്ലാം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ മെലാനിയ ട്രംപ് പതിവായി സഞ്ചരിക്കുന്ന വഴികളും അവർ ഷോപ്പിങ്ങിനായി എത്തുന്ന ആഡംബര വസ്ത്രശാലകളുടെ വിവരങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെലാനിയയുടെ ഫാഷനോടുള്ള താൽപര്യമാണ് അവരുടെ ഏറ്റവും വലിയ ബലഹീനതയെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. ഇത്തരം ഷോപ്പിങ് യാത്രകൾ “ആഗോള സ്വാതന്ത്ര്യസമര പോരാളികൾക്ക്” ആക്രമണം നടത്താൻ ഏറ്റവും അനുയോജ്യമായ അവസരമാണെന്നും അതിൽ പറയുന്നു.
മെലാനിയ വാങ്ങുന്ന വസ്ത്രങ്ങളിൽ അതീവ മാരകമായ നാഡീവ്യൂഹ വിഷവാതകമായ വി.എക്സ് കലർത്തി അവരെ വധിക്കാമെന്ന ക്രൂരമായ നിർദേശവും വീഡിയോയിൽ മുന്നോട്ടുവെക്കുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് മെലാനിയയുടെയും ഡൊണാൾഡ് ട്രംപിന്റെയും ഇരുപതുകാരനായ മകൻ ബാരൺ ട്രംപിനെയും ലക്ഷ്യമിട്ട് ഭീഷണി മുഴക്കുന്നു. “ഇതൊരു തുടക്കം മാത്രമാണ്, ബാരൺ ട്രംപ്… ഞങ്ങൾക്കായി കാത്തിരിക്കൂ” എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വിവാദ വീഡിയോ പുറത്തുവന്നതോടെ മെലാനിയ ട്രംപിന്റെയും ബാരൺ ട്രംപിന്റെയും സുരക്ഷ അമേരിക്കൻ സീക്രട്ട് സർവീസ് ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അമേരിക്കൻ അധികൃതർ അറിയിച്ചു.
അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന തെരുവുകളിൽ ട്രംപിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കൊലവിളി ഉയർത്തുന്ന പോസ്റ്ററുകളും ഭീമൻ പരസ്യബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ജൂനിയർ, ഇവാങ്ക, എറിക്, ടിഫാനി, ബാരൺ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി “ചോരയ്ക്ക് ചോര” എന്ന മുദ്രാവാക്യമുള്ള ബോർഡുകളാണ് വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രതികരിച്ച ഡൊണാൾഡ് ട്രംപ്, ഇറാനിൽ നിന്ന് തനിക്കോ കുടുംബാംഗങ്ങൾക്കോ നേരെ വധശ്രമമുണ്ടായാൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കൻ സൈന്യത്തിന് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി.


















































