കാക്കനാട്: ’’അവരെ ഇങ്ങോട്ട് ഇറക്കി വിട് സാറേ… ഞങ്ങളുടെ പിള്ളേരെയാണടാ നീയൊക്കെ തല്ലിയത്, നിന്നെയൊന്നും ജയിലിലേക്ക് കൊണ്ടുപോകില്ല, റോഡിലിട്ട് തീർക്കും…’’ കാക്കനാട്ട് യുവാക്കളെ റോഡിലിട്ട് ക്രൂരമായി മർദിച്ച കേസിലെ മൂന്നു പ്രതികളെ പിടികൂടിയ വിവരമറിഞ്ഞ് തൃക്കാക്കര സ്റ്റേഷനിലേക്ക് ജനക്കൂട്ടം ഇരച്ചെത്തിയ പ്രതികൾ ആക്രോശിച്ചു. തൃക്കാക്കര പോലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിലെ ഇരുമ്പുഗ്രില്ലിൽ പിടിച്ച് പ്രതിഷേധക്കാരുടെ രോഷപ്രകടനം.
നാട്ടുകാർ സംഘടിച്ചിട്ടും പ്രതികളുടെ കൂസലില്ലാത്ത ഭാവം കൂടിയായതോടെ കൈകാര്യം ചെയ്തേയടങ്ങുവെന്ന വാശിയിലായി പ്രതിഷേധക്കാർ. പ്രതികളെ തങ്ങൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന സംഘം അക്രമാസക്തരായതോടെ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥയായി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് സ്റ്റേഷന്റെ പ്രധാന കവാടങ്ങൾ പൂട്ടി.
കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്സിനടുത്ത് ആക്രമണം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാനായി മറൈൻ ഡ്രൈവിലെ ക്യാമ്പിൽ നിന്ന് കൂടുതൽ സേനയെ വരുത്തിച്ചു. പ്രതികളെ കൊണ്ടുപോകാൻ പ്രത്യേക പോലീസ് ബസും എത്തിച്ചു. മൂന്നുപ്രതികളെയും തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ പുറത്തേക്കിറക്കിയതോടെ ജനക്കൂട്ടം സ്റ്റേഷനുചുറ്റും ഇരച്ചെത്തുകയായിരുന്നു.
പോലീസ് വലയം ഭേദിച്ച് പ്രതികൾക്കുനേരെ പാഞ്ഞടുത്ത പ്രതിഷേധക്കാരെ മറികടന്ന് ഉദ്യോഗസ്ഥർ പ്രതികളെ സുരക്ഷിതമായി ബസിൽ കയറ്റി. ഇതോടെ ആളുകൾ ബസിന് ചുറ്റും തടിച്ചുകൂടുകയും പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. ഇതിനിടെ ചിലർ ബസിന്റെ ചില്ലുകൾ കൈകൊണ്ട് അടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. മറ്റു ചിലരാകട്ടെ ഒപ്പമുള്ളവരുടെ തോളിൽ കയറിയിരുന്ന് ബസിന്റെ ഗ്ലാസ് തുറന്ന് അകത്തുള്ള പ്രതികളെ ആക്രമിക്കാൻ തുനിഞ്ഞു. എന്നാൽ ബസിനുള്ളിലും പോലീസുകാർ പ്രതികൾക്ക് സംരക്ഷണ വലയം തീർത്തു.
നാട്ടുകാരെ മാറ്റി സാവധാനം മുന്നോട്ടുനീങ്ങിയ പോലീസ് ബസ് തെളിവെടുപ്പിനായി എൻ.ജി.ഒ. ക്വാർട്ടേഴ്സിലെത്തിച്ചെങ്കിലും അവിടെയും പ്രതിഷേധക്കാർ തടിച്ചുകൂടി. ബസിന് പിന്നാലെ ഓടിയെത്തിയ യുവാക്കൾ പ്രതികൾക്ക് നേരെ തെറിവിളിയും ഭീഷണിയും തുടർന്നതോടെ, പ്രതികളെ പുറത്തിറക്കാതെ പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചു. ആശുപത്രി പരിസരത്തേക്കും യുവാക്കളുടെ സംഘം പാഞ്ഞെത്തി.
ഒടുവിൽ തൃക്കാക്കര ഇൻസ്പെക്ടർ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിവീശി പ്രതിഷേധക്കാരെ അകറ്റുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ എല്ലാവരെയും കേസിൽ പെടുത്തുമെന്ന് ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകി. തുടർന്ന് അതിവേഗം മെഡിക്കൽ പരിശോധന പൂർത്തിയാക്കി പ്രതികളെ പോലീസ് ബസിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം പ്രതികൾ ആക്രമിക്കാൻ എത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിൽ എത്തിച്ചിരുന്നു. വാഹനം തിരിച്ചറിഞ്ഞ പ്രതിഷേധക്കാർ കരിങ്കല്ലുകൊണ്ടിത് ഇടിച്ചുതകർത്തു.

















































