കണ്ണൂർ: കെട്ടിട പെർമിറ്റ് അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പി. മുഹമ്മദ് അസ്‌ലമിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കെട്ടിട പെർമിറ്റിനായുള്ള അപേക്ഷ 10 മാസത്തിലേറെയായി തീർപ്പാക്കാതെ വൈകിപ്പിച്ച ശേഷമാണ് പെർമിറ്റ് അനുവദിക്കാൻ ₹20,000 കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച വൈകിട്ട് കാൾടെക്സിൽ കൈക്കൂലിയുടെ ആദ്യ ഗഡുവായ ₹15,000 കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടിയത്.
അറസ്റ്റിലായ മുഹമ്മദ് അസ്‌ലമിനെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

















































