കൊച്ചി: സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടി അൻസിബ ഹസ്സന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് തിരിച്ചടി. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ, ഒരു ഓൺലൈൻ ചാനലിന്റെ അവതാരകൻ എന്നിവർക്കെതിരെ അൻസിബ നൽകിയ പരാതിയിൽ നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പ്രതികൾ നടത്തിയതെന്നാണ് അൻസിബയുടെ പരാതി. എന്നാൽ, പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട തരത്തിലുള്ള കുറ്റകൃത്യം നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും, മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രമാണ് ബാധകമാകുകയെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
പോലീസിന്റെ ഈ റിപ്പോർട്ട് ശരിവെച്ചാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നില്ലെന്നും അതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പരാതിയിലെ മാനനഷ്ട ആരോപണത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിനായി അൻസിബയോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യമാണ് അൻസിബ ഉന്നയിച്ചിരുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും ഇതിനായുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കുമെന്നും അൻസിബയുടെ അഭിഭാഷകർ അറിയിച്ചു.
















































