വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിന് ശരിയായ മറുപടി ലഭിച്ചുവെന്ന് നടൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇനി സമരക്കാർക്കുനേരെ ക്രൂരമർദം അഴിച്ചുവിട്ട പോലീസുകാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാധവ് സുരേഷ് ആവശ്യപ്പെട്ടു.
‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു. ഇനി അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ ശരിയായ നടപടി സ്വീകരിക്കൂ’, മാധവ് കുറിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനായ മാധവ്, നേരത്തേയും വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുകയാണെന്ന് മാധവ് കുറ്റപ്പെടുത്തി.
‘ഇവിടെ സംഭവിക്കുന്നത് കുഴപ്പം പിടിച്ച കാര്യങ്ങളാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുന്നു. ഭരിക്കുന്നവരുമായി ആരോഗ്യകരമായ മത്സരത്തിന് നേതൃത്വം നൽകേണ്ടവർ ജനങ്ങളെ വഞ്ചിച്ച് അവരുടെ അജൻഡ നടപ്പാക്കുന്നു. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യത്തെ സാധാരണക്കാരാണ് പരാജയപ്പെടുന്നത്.’ മാധവ് അഭിപ്രായപ്പെട്ടു.
‘ഇതിനെല്ലാം സമാധാനപരമായ പരിഹാരം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇപ്പോഴത് അസാധ്യമെന്നാണ് തോന്നുന്നത്. രാജ്യമാണ് എപ്പോഴും വലുത്.’ നടൻ വ്യക്തമാക്കി.
‘എന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ സ്വാഭാവികമായും നിരാശരാകും. കണ്ണുതുറന്ന് എന്താണ് നടക്കുന്നതെന്ന് കാണൂ. വിദ്യാർഥികളെ ഒരുവിഭാഗം ആക്രമിക്കുന്നു, മറ്റൊരു വിഭാഗം അവരെ കരുവാക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശരിക്കും ചിന്തയുണ്ടെങ്കിൽ ഒരിക്കലും ഇതൊരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ല. ഓരോ ഇന്ത്യക്കാരനും ഇത് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ മാധവ് കുറിച്ചു.


















































