തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും ₹70,000 പിഴയും ശിക്ഷ. പെരുമ്പഴുതൂർ സ്വദേശി കണ്ണൻ എന്ന അരുണിനെയാണ് (30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2023 ഏപ്രിൽ 18-നായിരുന്നു കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബഹളം കേട്ട് കുട്ടിയുടെ അച്ഛൻ കതകിൽ മുട്ടിയതോടെ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാഞ്ഞിരംകുളം ഇൻസ്പെക്ടറായിരുന്ന അജി ചന്ദ്രനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
വഴിത്തര്‍ക്കം വൈരാഗ്യത്തില്‍ കലാശിച്ചു, യുവാവിനെ വെട്ടിക്കൊന്നു, പ്രതി ഒളിവില്‍


















































