ന്യൂഡൽഹി: രാജ്യത്തെ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്ക് എതിരായ വിദ്യാർഥി സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും ഡൽഹി മുഖ്യമന്ത്രിയുടെ പൊടി പോലും കാണാനില്ല. ഇതോടെ ഇന്ദ്രപ്രസ്ഥത്തിന്റെ നാഥയെ അന്വേഷിച്ച് സോഷ്യൽ മീഡിയ. മുഖ്യമന്ത്രി രേഖ ഗുപ്തയെ കാണ്മാനില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു.
നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ വിദ്യാർഥികൾക്ക് നേരെ ഡൽഹി പോലീസ് ലാത്തി വീശിയിട്ടും ടിയർ ഗ്യാസുകൾ പ്രയോഗിച്ചിട്ടും രേഖ ഗുപ്ത എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഏതുവിധേനയും വിദ്യാർഥി സമരത്തെ അടിച്ചമർത്താനാണോ സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.
അതുപോലെ താനാണ് ഡൽഹിയിലെ മുഖ്യമന്ത്രിയെന്ന് രേഖ ഗുപ്തയെ ആരെങ്കിലും ഓർമിപ്പിക്കണമെന്നാണ് ചിലരുടെ പ്രതികരണം. അതുകൊണ്ടുതന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോപ്പം രേഖ ഗുപ്തയോടും രാജി ആവശ്യപ്പെടണമെന്ന് മറ്റു ചിലർ പറയുന്നു. ഡൽഹി മുഖ്യമന്ത്രി അന്തരീക്ഷ മലിനീകരണം എങ്ങനെ തടയുമെന്ന ആലോചനയിൽ ആയിരിക്കുമെന്നും ചിലർ പരിഹസിച്ചു.
അതേസമയം വിമർശനം കടുത്തതോടെ വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും യുവാക്കൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് രേഖ ഗുപ്ത പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പങ്കുവെച്ചുകൊണ്ടായിരുന്നു ഡൽഹി മുഖ്യമന്ത്രി മൗനം വെടിഞ്ഞത്.
വിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കുകയും അവരുടെ കഠിനാധ്വാനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഗുപ്ത പറഞ്ഞിരുന്നു. എന്നാൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ലാത്തി ചാർജിലും അക്രമത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.
നിലവിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നത്. ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് വിലക്കിയും വ്യാപകമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയുമാണ് അധികൃതർ പ്രതിഷേധത്തെ നേരിടുന്നത്.

















































