തിരുവനന്തപുരം: കാൻസർ ചികിത്സയിലായിരിക്കുന്ന സോഷ്യൽ മീഡിയ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ രേണു സുധിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബറെ കേരളം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യൂട്യൂബറെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണു സുധി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് രേണു സുധി പങ്കുവെച്ച മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ച് ചില യൂട്യൂബർമാർ പ്രതികരണ വീഡിയോകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നിയമനടപടി സ്വീകരിച്ചത്.
പൊലീസ് നടപടി പുറത്തുവന്നതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും അധിക്ഷേപങ്ങളും നടത്തുന്നവർക്ക് ഇത് മുന്നറിയിപ്പാണെന്ന തരത്തിലുള്ള കമന്റുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, അച്ഛൻ മരിച്ച സാഹചര്യവും താൻ കാൻസർ ചികിത്സയിലാണെന്നതും ചൂണ്ടിക്കാട്ടി തന്റെ മകന്റെ അവകാശം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നതായി രേണു സുധി അടുത്തിടെ ആരോപിച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിന്റെ സംരക്ഷണവും അവകാശവും തന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമാണെന്നും വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
ഓരോ കീമോതെറാപ്പി ചികിത്സയ്ക്കും ഏകദേശം രണ്ട് ലക്ഷം രൂപയുടെ മരുന്ന് ആവശ്യമായി വരുന്നതിനാലാണ് യൂട്യൂബ് ചാനൽ സജീവമായി തുടരുന്നതെന്നും രേണു പറഞ്ഞിരുന്നു. ചികിത്സ തുടരാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും അടുത്ത കീമോയ്ക്ക് ശേഷമുള്ള അവസ്ഥ എന്താകുമെന്ന് അറിയില്ലെങ്കിലും രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ പങ്കുവെച്ചിരുന്നു.


















































