കോട്ടയം: പാലാ നഗരസഭ ചെയർപേഴ്‌സണിനെതിരായ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ അച്ചടക്ക നടപടി. കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതായി ഡിസിസി പ്രസിഡന്റും ഏറ്റുമാനൂർ എംഎൽഎയുമായ നാട്ടകം സുരേഷ് അറിയിച്ചു.
കെപിസിസി അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി. നാലുപേർക്കെതിരെയും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര കൂട്ടായ്മയിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. ഈ കൂട്ടായ്മയിലെ അംഗമായ ദിയ ബിനു പുളിക്കക്കണ്ടമായിരുന്നു ചെയർപേഴ്‌സൺ. എന്നാൽ ഭരണത്തിലേറി അധികം വൈകാതെ സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ് അംഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. ഈ സാഹചര്യം മുതലെടുത്താണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. ഇതോടെ ദിയ ബിനു പുളിക്കക്കണ്ടത്തിന് ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമായി.
26 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസ പ്രമേയം പാസാകാൻ 14 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. എൽഡിഎഫിന്റെ 12 അംഗങ്ങൾക്കും നാല് കോൺഗ്രസ് കൗൺസിലർമാർക്കും ഒരു സ്വതന്ത്ര അംഗത്തിനും പിന്തുണ ലഭിച്ചതോടെ 17 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു.


















































