അമ്പലവയൽ: “ഇഷ്ടടീമായ സ്‌പെയിൻ ലോകകപ്പ് നേടിയാൽ നാട്ടുകാർക്ക് എന്റെ വക മന്തി” — അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീർ നടത്തിയ ഈ പ്രഖ്യാപനം ലോകകപ്പ് ഫൈനലിന് മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അർജന്റീന-സ്‌പെയിൻ കലാശപ്പോരിന് മുന്നോടിയായി കേരളമൊട്ടാകെ ചർച്ചയായ ആ വാഗ്ദാനം ഇപ്പോൾ യാഥാർഥ്യമാകുകയാണ്.
ഷജീർ ആഗ്രഹിച്ചതുപോലെ സ്‌പെയിൻ കിരീടം നേടിയതോടെ, വാക്ക് പാലിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. തിങ്കളാഴ്ച രാവിലെ സ്‌പെയിനിന്റെ വെള്ള ജഴ്‌സി ധരിച്ചാണ് പതിവുപോലെ കടയിലെത്തിയത്. പച്ചക്കറിക്കടയിലെ തിരക്കിനിടയിലും സൗജന്യ മന്തി വിതരണത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ അമ്പലവയലിൽ ആയിരം പേർക്ക് സൗജന്യമായി മന്തി വിതരണം ചെയ്യുമെന്ന് ഷജീർ അറിയിച്ചു. ഇത് വികാരത്തിൽ പറഞ്ഞുപോയ വാക്കല്ലെന്നും, കുട്ടിക്കാലം മുതൽ ആരാധിക്കുന്ന ടീം ലോകകപ്പ് നേടുന്നതിലും വലിയ സന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം തിങ്കളാഴ്ച തന്നെ മന്തി വിതരണം നടത്താനായിരുന്നു പദ്ധതി. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അത് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ, “മന്തി നൽകുമെന്ന് താൻ പറഞ്ഞിട്ടില്ല, അത് എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയാണ്” എന്ന തരത്തിൽ ഷജീർ പറയുന്ന മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് ഷജീർ തന്നെ രംഗത്തെത്തി മന്തി വിതരണം ഉറപ്പാണെന്ന് വ്യക്തമാക്കി. ഇതോടെ അഭ്യൂഹങ്ങൾക്കും വിരാമമായി.
ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഷജീർ ഈ പ്രഖ്യാപനം നടത്തിയത്. സുഹൃത്ത് പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് വലിയ രീതിയിൽ വൈറലായി. മത്സരം കഴിഞ്ഞാൽ ഷജീർ വാക്ക് മാറ്റുമോയെന്നായിരുന്നു പലരുടെയും സംശയം. എന്നാൽ പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
പ്രാദേശിക ഫുട്ബോൾ ടൂർണമെന്റുകൾക്കും കായിക പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന കടുത്ത ഫുട്ബോൾ ആരാധകൻ കൂടിയാണ് ഷജീർ. സ്വന്തം ടീമിന്റെ വിജയാഘോഷം നാട്ടുകാരുമായി പങ്കിടാനാണ് സൗജന്യ മന്തി വിതരണമെന്ന് അദ്ദേഹം പറയുന്നത്.


















































