കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാനെത്തിയ നടി അൻസിബ ഹസന് മൊഴി രേഖപ്പെടുത്താനാകാതെ മടങ്ങേണ്ടിവന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വൈകിട്ട് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടും മൊഴിയെടുക്കാൻ കഴിഞ്ഞില്ല. മൊഴി രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസിന്റെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് അൻസിബ പ്രതികരിച്ചു.
ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ്, കോടതി നിർദേശത്തെ തുടർന്നാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതുമായി ബന്ധപ്പെട്ട് ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിനും അൻസിബ മറുപടി നൽകി. താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ ആവശ്യപ്പെട്ടിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്ന് അൻസിബ പറഞ്ഞു. അക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ട് വ്യക്തമാക്കട്ടെയെന്നും അവർ ആവശ്യപ്പെട്ടു. ടിനി ടോമിനെതിരായ കേസിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു അൻസിബയുടെ പ്രതികരണം.


















































