തിരുവനന്തപുരം: കേരളത്തിൽ പഴയ യുഡിഎഫ് ഭരണകാലത്തെപ്പോലെ വീണ്ടും ഇരുട്ട് തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാരിനും വൈദ്യുതി ബോർഡിനും വീഴ്ച സംഭവിച്ചെന്നും ആസൂത്രണത്തിലെ പിഴവ് പരിഹരിക്കാനാകാത്തതിനാലാണ് സംസ്ഥാനം ഇരുട്ടിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 16.5 ലക്ഷത്തോളം വനിതകൾക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെക്കുറിച്ച് വി.ഡി. സതീശൻ നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗോവിന്ദൻ ആരോപിച്ചു. സ്ത്രീസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളെ സിപിഎം നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യാഥാർഥ്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കെ-സ്മാർട്ട് പോർട്ടൽ വഴി പൂർണമായും ഓൺലൈനായി അപേക്ഷിക്കാവുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇടപെടാൻ കഴിയാത്ത തരത്തിലുള്ള സുതാര്യ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റ് മന്ത്രിമാർ പോലും അറിഞ്ഞിരുന്നില്ലെന്നും, ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്ന ആരോപണവുമായി കെപിസിസി ജനറൽ സെക്രട്ടറി തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. നിയമസഭ, ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ നിയമനം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കാൻ അവസരം നൽകിയതിലൂടെ സംഘപരിവാറിനോടുള്ള വിധേയത്വത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കമിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് നാല് എംഎൽഎമാരുണ്ടെന്നും അതിൽ ഒരാൾ മുഖ്യമന്ത്രിയാണെന്ന സാമൂഹ്യമാധ്യമങ്ങളിലെ പരിഹാസം ശരിവെക്കുന്ന തരത്തിലുള്ള നടപടികളാണ് യുഡിഎഫ് സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപിയുടെ പഠനശിബിരത്തിനായി കെപിസിസിക്ക് കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയെന്ന വാർത്തയും അദ്ദേഹം പരാമർശിച്ചു. കോൺഗ്രസ് പരിപാടികൾ മാത്രം നടന്നിരുന്ന വേദി ബിജെപിക്ക് എങ്ങനെ അനുവദിച്ചുവെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെഎം ഷാജിക്ക് വലിയ ആവേശമാണ്. ‘കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല’ എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിന്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്. വീട്ടുകാരുടെ ആത്മാഭിമാനം പണയപ്പെടുത്തി, ആരോ കൊടുത്ത വീടാണ് എന്ന പ്രതീതി ഉണ്ടാക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇടതുപക്ഷ സർക്കാരിന്റെ നിലപാട്. നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ പ്രകാരമുള്ള വീടുകൾ നിർമ്മിച്ചത്. പിഎംഎവൈ നഗരം പദ്ധതിയിൽ ഒരു ലക്ഷത്തി ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴ് വീടുകളും ഗ്രാമീൺ പദ്ധതിയിൽ 34,265 വീടുകളും നിർമ്മിച്ചു. അതിലൊന്നും ലോഗോയും പടവും വച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു മാറ്റം എന്ന് വ്യക്തമാണ്. ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിന്റെ പിന്നിലെന്നും ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷം കേന്ദ്ര സർക്കാരിന്റെയും ആർഎസ്എസിന്റെയും സമ്മർദങ്ങളെ എൽഡിഎഫ് സർക്കാർ ശക്തമായി ചെറുത്തുനിന്നുവെന്നും എന്നാൽ ഒരു മാസം കൊണ്ടുതന്നെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് മുന്നിൽ മുട്ടുമടക്കുകയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ സംഘപരിവാറിന്റെ യഥാർഥ മുഖം തുറന്നുകാട്ടുന്നതാണെന്നും വിശ്വാസികളുടെ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന വാർത്തകൾ പുറത്തുവരുന്നതിലൂടെ മതത്തെ രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന സമീപനം വീണ്ടും വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

















































