കാൺപൂർ: ഉത്തർപ്രദേശില്‍ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ഒരാഴ്ചയോളം തടങ്കലിൽ പാർപ്പിച്ച് മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റില്‍. അർമാൻ ഖാൻ എന്നയാളെയാണ് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമം, ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. 17 കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർമാൻ ഖാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം പെൺകുട്ടിയെ ഇയാൾ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനിടെ മതം മാറാൻ നിരന്തരം സമ്മർദം ചെലുത്തി.
കൽമ ചൊല്ലാൻ നിർബന്ധിച്ചതായും ഗോമാംസം കഴിക്കാൻ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. പെൺകുട്ടിയുടെ മൊഴിയും അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളും അടിസ്ഥാനമാക്കി തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
















































