ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുകയും ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന (ഇ.വി.) നയത്തിന് അംഗീകാരം നൽകി. 15,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. 2030 മാർച്ച് 31 വരെ നയം തുടരുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു.
അടുത്ത നാല് വർഷത്തിനുള്ളിൽ നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വാഹനവാങ്ങൽ സബ്സിഡി, സ്ക്രാപ്പിംഗ് ഇൻസെന്റീവ്, ചാർജിങ് അടിസ്ഥാനസൗകര്യ വികസനം, കർശന രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമഗ്ര പദ്ധതിയാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
ഡൽഹിയിലെ വായുമലിനീകരണത്തിൽ വലിയ പങ്ക് വഹിക്കുന്നത് വാണിജ്യ ചരക്ക് വാഹനങ്ങളും ഇരുചക്ര-മുച്ചക്ര വാഹനങ്ങളുമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിഹാരിക പറഞ്ഞു. നഗരത്തിലെ മലിനീകരണത്തിന്റെ 33 ശതമാനം വാണിജ്യ ചരക്ക് വാഹനങ്ങളിൽ നിന്നുമാണ്, 46 ശതമാനം ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ നിന്നുമാണെന്നും അവർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഈ വാഹനങ്ങളെ ഘട്ടംഘട്ടമായി പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പുതിയ നയം പ്രകാരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദ്യ മൂന്ന് വർഷങ്ങളിൽ യഥാക്രമം 30,000 രൂപ, 20,000 രൂപ, 10,000 രൂപ എന്നിങ്ങനെ വാങ്ങൽ സബ്സിഡി ലഭിക്കും. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് ആദ്യ വർഷം 50,000 രൂപയും രണ്ടാം വർഷം 40,000 രൂപയും മൂന്നാം വർഷം 30,000 രൂപയും പ്രോത്സാഹനധനമായി നൽകും. N1 വിഭാഗത്തിലെ വാണിജ്യ ട്രക്കുകൾക്ക് ആദ്യ വർഷം ഒരു ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഹൈബ്രിഡ് വാഹനങ്ങളെ ഈ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പഴയ വാഹനങ്ങൾ മാറ്റി പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ക്രാപ്പിംഗ് ഇൻസെന്റീവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്-IV നിലവാരത്തിലുള്ളതോ അതിൽ താഴെയുള്ളതോ ആയ പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് പ്രത്യേക സാമ്പത്തിക സഹായം ലഭിക്കും. ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപയും മുച്ചക്ര വാഹനങ്ങൾക്ക് 25,000 രൂപയും N1 ട്രക്കുകൾക്ക് 50,000 രൂപയും ഗ്രാമീൺ സേവാ വാഹനങ്ങൾക്ക് 15,000 രൂപയും നൽകും. പഴയ നാലുചക്ര വാഹനങ്ങൾ പൊളിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സ്ക്രാപ്പിംഗ് ഇൻസെന്റീവും ലഭിക്കും.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ കർശനമായ സമയപരിധികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2027 ജനുവരി ഒന്നു മുതൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ മുച്ചക്ര വാഹനങ്ങളും N1 വിഭാഗത്തിലെ വാണിജ്യ ട്രക്കുകളും നിർബന്ധമായും ഇലക്ട്രിക് ആയിരിക്കണം. 2028 ഏപ്രിൽ ഒന്നു മുതൽ പുതിയ ഇരുചക്ര വാഹന രജിസ്ട്രേഷനും ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതിന് ശേഷം പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കില്ല.
പൊതുഗതാഗത രംഗത്തും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. നയം പ്രഖ്യാപിച്ചതിന് രണ്ട് വർഷത്തിനുള്ളിൽ ഡൽഹിയിലെ സ്കൂൾ ബസുകളിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്നാണ് നിർദേശം.
ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വിജയകരമാക്കാൻ മതിയായ ചാർജിങ് ശൃംഖലയും സർക്കാർ ഒരുക്കും. പി.എം ഇ-ഡ്രൈവ് പദ്ധതിയുടെയും സംസ്ഥാന ബജറ്റിന്റെയും സഹായത്തോടെ അടുത്ത നാല് വർഷത്തിനുള്ളിൽ 32,000 പുതിയ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം വാഹന സബ്സിഡികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാനായി പ്രത്യേക ഓൺലൈൻ പോർട്ടലും ആരംഭിക്കും.
വായുമലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഡൽഹി സർക്കാർ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണികളിലൊന്നായി ഡൽഹിയെ മാറ്റാനുള്ള സുപ്രധാന ചുവടുവയ്പായാണ് പുതിയ നയത്തെ വിലയിരുത്തുന്നത്.















































