മുംബൈ: ദക്ഷിണ മുംബൈയിൽ മുഹറം റാലിയിൽ പങ്കെടുത്തവരെ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ച യുവാവ് കഴിഞ്ഞദിവസം പിടിയിലായിരുന്നു. വേദന സംഹാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പുണെ സ്വദേശിയായ ഫയാസ് പ്രേംജി വിഷ ഗുളികകൾ വിതരണം ചെയ്തത്.
രണ്ട് വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് ‘ലോകത്തോട് പ്രതികാരം ചെയ്യാൻ’ ആഗ്രഹിച്ചുവെന്നും ഇതിന്റെ ഭാഗമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് ഒരുങ്ങിയതെന്നും ഇയാൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത പലരും ഇയാൾ നൽകിയ ഗുളികകൾ കഴിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് പലർക്കും ഓക്കാനവും അസ്വസ്ഥതയും അനുഭവപ്പെട്ടെന്നും, ചിലർ ബോധരഹിതരായെന്നും പോലീസ് പറയുന്നു.
ഭാര്യ വിട്ടുപോയതിന്റെ പ്രതികാരം തീർക്കുന്നതിനായി ഏകദേശം 15,000 ഓളം ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും ഫയാസ് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹബന്ധം തകർന്നതിനെ തുടർന്ന് ലോകം തനിക്കെതിരെ തിരിഞ്ഞെന്നും പ്രതി അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾ മാനസികമായി അസ്വസ്ഥനാണെന്നും ഏതെങ്കിലും തരത്തിൽ ചികിത്സ തേടിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഫയാസ് പ്രേംജിയുടെ അമ്മയും സഹോദരിയും ഇറാനിൽ താമസിക്കുന്നവരാണെന്നും അവരുമായി പതിവായി ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















































