തിരുവനന്തപുരം: ആരോപണം ഉന്നയിക്കുന്നവർ എവിടെയെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കണമെന്ന് മന്ത്രി കെ.എം. ഷാജി. എന്റെ കാര്യത്തിൽ സിനിമയിൽ പറയുന്നത് പോലെ ‘എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കണം ദാസാ’ എന്നാണ് പറയാനുള്ളത്. ഒന്നുകിൽ മുസ്‍ലിം വർഗീയവാദിയെന്ന് പറയണം. അല്ലെങ്കിൽ ഞാൻ ആർ.എസ്.എസുകാരനെന്ന് പറയണം. അതുമല്ലെങ്കിൽ മോദി ഭക്തനാണെന്നോ തങ്ങൾ ഭക്തനാണോ എന്നൊക്കെ ഒന്ന് തീരുമാനമാക്കണമെന്ന് കെ.എം. ഷാജി പറഞ്ഞു. ഇനി അഞ്ചുകൊല്ലവും മന്ത്രി ആയി തുടരുകയാണെങ്കിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട ആളാണ് ഞാൻ. ഒരു 10 -18 കൊല്ലമായിട്ട് വിമർശനം മാത്രമല്ല, എന്റെ പുറകിൽ പൊലീസുമുണ്ട്. തീരുമാനങ്ങളിൽ പുനപരിശോധനകളൊക്കെ ആവാം.
ഞാൻ ഒരു തീരുമാനം എടുത്തതുകൊണ്ട് അത് മാത്രമാണ് ശരി എന്ന് പറഞ്ഞു വാശിപിടിക്കേണ്ട കാര്യമെന്താണ്? പുനപരിശോധന നടത്താം, തിരുത്തേണ്ടത് തിരുത്താം. അതൊക്കെയല്ലേ ജനാധിപത്യം എന്ന് പറയുന്നത്. അല്ലാതെ മഹാരാജാവ് തീരുമാനിച്ചാൽ ബാക്കിയുള്ളവരൊക്കെ അംഗീകരിച്ചുകൊള്ളും എന്ന് പറഞ്ഞാൽ, ആ പത്ത് കൊല്ലമൊക്കെ കഴിഞ്ഞില്ലേ. ഇനി ഞങ്ങൾക്ക് ചർച്ച ചെയ്യുന്നതിന് പ്രയാസവുമില്ല. ഇപ്പോൾ ഞാൻ പറഞ്ഞതിൽനിന്ന് പുറകോട്ട് പോകുന്നതിന് യാതൊരു പ്രയാസവുമില്ല. കാരണം ജനങ്ങളുടെ ഹിതത്തെയോ അവരുടെ അഭിപ്രായങ്ങളെയോ മാനിക്കുക എന്നുള്ളതാണ് ബേസിക് കാര്യം.
പി.എം.എ.വൈ അർബൻ പദ്ധതിയിൽ വീടൊന്നും വേണ്ട എന്ന് പറയേണ്ടത് അത്യാവശ്യം ജീവിത സൗകര്യങ്ങൾ അനുഭവിക്കുന്ന നമ്മൾ ആരുമല്ല. അത് റോഡിൽ കിടക്കുന്ന പാവങ്ങളായ മനുഷ്യരാണ്. അവരുടെ അഭിപ്രായത്തിന് സ്ഥാനം ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. അങ്ങനെയൊക്കെ വരികയാണെങ്കിൽ നമുക്ക് നോക്കാം. ഞങ്ങൾ എന്തായാലും വാശിക്കൊന്നുമില്ല.
ഏതെങ്കിലും ഒരു പത്രക്കാരുടെ ആനുകൂല്യത്തിൽ വളർന്നു വന്ന ആളല്ല ഞാൻ. എന്റെ വീട്ടിന്റെ മുമ്പിൽ 24 മണിക്കൂറും പത്രക്കാർ ഇ.ഡി വരുന്നതും പോകുന്നതും നോക്കിനിന്ന സമയമുണ്ട്. പത്രക്കാരുടെ ആനുകൂല്യത്തിൽ വളർന്നു വന്നവർ ചിലപ്പോൾ പേടിക്കും. എനിക്ക് അങ്ങനെ പേടിയൊന്നുമില്ല.
കൺവീനിയൻസിനെ എൻജോയ് ചെയ്യാൻ പാടില്ല എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. ഞാൻ ഈ കൺവീനിയൻസ് ഒന്നും എൻജോയ് ചെയ്യുന്നില്ല. ഇതൊരു ഉത്തരവാദിത്തമായിട്ടാണ് ഞാൻ എടുക്കുന്നത്. എനിക്ക് മനസാക്ഷിക്ക് ബോധ്യമുള്ളിടത്തോളം ഞാൻ ചെയ്യുന്നത് ചെയ്യും. കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും’ ഷാജി പറഞ്ഞു.
















































