മുംബൈ: പൂനെയിലെ ലോഹഗഡ് കോട്ടയിൽ നടന്ന കേതൻ അഗർവാലിന്റെ കൊലപാതക കേസിൽ നിർണായകമായ പുതിയ തെളിവുകൾ പുറത്ത്. കേസിലെ പ്രധാന പ്രതിയായ 20കാരിയായ സിയ ഗോയൽ, കൊലപാതകത്തിന് തൊട്ടുമുമ്പ് തന്റെ കാമുകൻ ചേതൻ ചൗധരിയുമായി രഹസ്യ ഫോൺ സംഭാഷണ നടത്തിയതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് വെറും 34 മിനിറ്റ് മുമ്പ് നടന്ന ഈ കോൾ, കൊലപാതക ഗൂഢാലോചനയിലെ അവസാന ഘട്ട നിർദ്ദേശമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
പൂനെ റൂറൽ പോലീസിന്റെ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ നിർണായക വിവരം പുറത്തുവന്നത്. കാൾ ഡീറ്റെയിൽസ് റെക്കോർഡുകൾ (CDR) പ്രകാരം, ഇരുവരും തമ്മിലുള്ള ഈ അവസാന സംഭാഷണം കേസിലെ പ്രധാന ഡിജിറ്റൽ തെളിവായി മാറി. കൊലപാതക ഗൂഢാലോചന മറയ്ക്കുന്നതിനായി കഴിഞ്ഞ മൂന്ന് മാസമായി നടന്ന ചാറ്റുകളും വോയ്സ് നോട്ടുകളും ഇരുവരും ഇല്ലാതാക്കിയതായും പോലീസ് കണ്ടെത്തി.
വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ സൈബർ വിഭാഗം ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ശ്രമം തുടരുകയാണ്. ലഭിക്കുന്ന ഡാറ്റ, ലൊക്കേഷൻ ലോഗുകൾ, ഐപി അഡ്രസുകൾ എന്നിവ തമ്മിൽ താരതമ്യം ചെയ്ത്, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയിക്കാനാണ് പോലീസ് നീക്കം.
ജൂൺ 18നാണ് ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാലിനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയതെന്നാണ് കേസ്. നവംബർ മാസത്തിൽ നടക്കാനിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറാൻ സിയക്ക് ആഗ്രഹമുണ്ടായിരുന്നതാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പോലീസ് പറയുന്നു. കേസിൽ ചേതൻ ചൗധരിയാണ് രണ്ടാം പ്രതി.
അതേസമയം സിയയും ചോതനും തമ്മിലുള്ള ബന്ധം ക്രിക്കറ്റ് മത്സരങ്ങളിലൂടെയാണ് ആരംഭിച്ചതെന്ന് സിയയുടെ സഹോദരൻ പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ഒരു പൊതു സുഹൃത്തുവഴി വീണ്ടും കണ്ടുമുട്ടിയതോടെ ഇവർ കൂടുതൽ അടുത്തതായി മാറിയെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഇതിനുപുറമെ, കൊലപാതക പദ്ധതി മേയ് മാസാവസാനം തന്നെ തയ്യാറാക്കിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. പിന്നീട് തക്ക സമയത്തിനായി ഇരുവരും കാത്തിരുന്നു. ജൂൺ 14ന് ആദ്യ ശ്രമം നടന്നുവെങ്കിലും കേതൻ ഒരു ചെടി പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ആ സമയം പാമ്പ് കണ്ടതിനെ തുടർന്ന് അബദ്ധത്തിൽ തള്ളിയതാണെന്ന വ്യാജകഥ സിയ അവതരിപ്പിച്ചതായും അന്വേഷണത്തിൽ പറയുന്നു.
ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജൂൺ 18ന് വീണ്ടും ശ്രമിക്കുമ്പോൾ കേതൻ രക്ഷപ്പെടാതിരിക്കാൻ ചേതൻ നേരിട്ട് സ്ഥലത്ത് പിന്തുടർന്ന് എത്തിയതായും പേലീസ് ആരോപിക്കുന്നു. ഇതോടെ കേസ് കൂടുതൽ ഗൗരവതരമായിരിക്കുകയാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയിക്കുന്ന ശക്തമായ ഡിജിറ്റൽ തെളിവുകൾ കൈവശം വന്നതോടെ, കേസിൽ ശക്തമായ നിയമനടപടികൾ തുടരാനാണ് പോലീസ് തയ്യാറെടുക്കുന്നത്.

















































