തിരുവനന്തപുരം: മന്ത്രി കെ.എം ഷാജിക്ക് എതിരെ രൂക്ഷവിമർശനവുമായി എ.എ റഹീം എംപി. മോദിക്ക് വേണ്ടി മലയാളിയുടെ വീട്ടിൽ ചാപ്പ അടിയ്ക്കാൻ ഷാജി വരേണ്ടെന്ന് എ എ റഹീം പറഞ്ഞു. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ് ഷാജിക്ക് തങ്ങൾ. മനസിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജി. ആ മനസ് ആരും കാണാതെ പോകരുത്. യാ സയ്യിദ് പാണക്കാട് അല്ല, യാ മോദി നാഗ്പ്പൂർ ആണ് ഷാജിയുടെ മന്ത്രം. ഇത് പണ്ടേ ഷാജി പറഞ്ഞിട്ടുണ്ട്. 2013 മാർച്ച് ആറിന് കടവത്തൂരിൽ നടത്തിയ പ്രസംഗം ഉണ്ട്. അതിലാണ് മോദിയെ ഷാജി വാനോളം പുകഴ്ത്തിയത്. ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ഇന്ത്യയിൽ ക്ലീൻ ചിറ്റ് കൊടുത്ത ആളാണ് ഷാജി.
ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കില്ല, അതിൽ ഹിന്ദുത്വ അജണ്ട ഉണ്ടായിരുന്നില്ല. വികസന കാര്യത്തിൽ ഗുജറാത്തിനെ മാതൃകയാക്കാം. എന്നാണ് ഷാജി അന്ന് പറഞ്ഞതെന്നും റഹീം ആരോപിച്ചു. മോദിയുടെ പദ്ധതി ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിന്റെ ചുവര് കിട്ടില്ല. ജീവിക്കാനുള്ള അവകാശം എന്നാൽ ആത്മാഭിനത്തോടെ ജീവിക്കാനുള്ള അവകാശം എന്നാണ് അർഥം. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഇത് കൂടി ഉൾപ്പെടുന്നതാണ്.
സൗജന്യം കിട്ടിയ വീട്ടിൽ കിടക്കുന്നവനാണ് എന്ന ബോധം ഉണ്ടാകാൻ പാടില്ല. അത് മനുഷ്യന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും. അത് മനസിലാക്കാൻ ഷാജിക്ക് കഴിയുന്നില്ല. കൂടുതൽ ആളുകളും ലോണെടുത്ത് വീട് പണിയുന്നവരാണ്. നമ്മുടെ ആരുടെയെങ്കിലും വീടിന്റെ ചുവരിൽ നാളെ ബാങ്കിന്റെ ലോഗോ പതിപ്പിക്കണം എന്ന് പറഞ്ഞാൽ അത് സമ്മതിക്കുമോയെന്നും റഹീം ചോദിച്ചു.

















































