കൊച്ചി: മൂവാറ്റുപുഴയാറിൽ അമ്മയുടെയും കുഞ്ഞിന്റെയും പിതാവിന്റേയും മൃതദേഹം കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് സൂചന. പുഴയിൽനിന്ന് മൂന്നാമത്തെ മൃതദേഹവും കണ്ടെത്തിയതോടെ പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് സമീപം അമ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും നാലു വയസുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇതിനുപിന്നാലെ ബിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തി. ബന്ധുക്കളെത്തി മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി തിരച്ചിൽ തുടരുകയാണ്.
കാഴ്ചപരിമിതിയുള്ള ആളാണ് ബിജിമോൾ. കുടുംബം അടുത്തകാലത്തായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നാണ് വിവരം. ഇതിനിടെ പിറവം പോലീസിന്റെ നേതൃത്വത്തിൽ ഇവർക്കായി വാടക വീട് സംഘടിപ്പിച്ച് നൽകിയിരുന്നു. അങ്ങോട്ട് മാറാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



















































