ചെന്നൈ: തൂത്തുക്കുടിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ നവവധു കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽനിന്ന് കാൽവഴുതി വീണു മരിച്ചു. സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടമായെത്തിയപ്പോൾ ഭയന്ന യുവതി പിന്നോട്ടുമാറുന്നതിനിടെ അടിതെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിനു മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടം. അനിത സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഭർത്താവ് സുരേഷിനൊപ്പമാണ് യുവതി ക്ഷേത്രദർശനത്തിന് എത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്താണ് സുരേഷിന് ജോലി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ദമ്പതികൾ മലമുകളിലുള്ള ഉച്ചിപ്പിള്ളയാർ കോവിലിലേക്ക് കയറി. അവിടെ കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ പെട്ടെന്ന് കുരങ്ങുകൾ ഇവരെ വളയുകയായിരുന്നു. ഇതോടെ അനിത പരിഭ്രാന്തയായി കാൽവഴുതി മലമുകളിൽനിന്ന് താഴേക്ക് വീണു. വീഴ്ചയിൽതന്നെ മരണം സംഭവിച്ചു. അനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.


















































