ന്യൂഡൽഹി: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ തന്റെ മകൾ കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലണമെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ.ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതൻ അഗർവാൾ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും സിയയും ചേർന്ന് കേതനെ മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും മൊഴിയിലെ വൈരുദ്ധ്യവും സിസിടിവി ദൃശ്യങ്ങളും കൊലപാതകമാണെന്ന് വ്യക്തമാക്കുകയായിരുന്നു.
‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കണം. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരു അമ്മയാണിത് പറയുന്നത്, സിയയുടെ അമ്മ പറഞ്ഞു. സിയയുടെ അച്ഛൻ പ്രവീൺ ഗോയലും സമാനമായ പ്രതികരണമാണ് നടത്തിയത്. ‘ഈ കേസിൽ ആരാണോ കുറ്റം ചെയ്തത് അത് എന്റെ മകളാണെങ്കിൽ കൂടി തൂക്കിക്കൊല്ലണം, അദ്ദേഹം പ്രതികരിച്ചു. ജൂൺ 23-ാം തീയതി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് പൂനെയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് പ്രവീൺ ഗോയൽ.
അതേസമയം കേതനെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സിയയും ചേതനും പുണെയിലെ ഒരു കഫേയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പോലീസ് കണ്ടെത്തി. ജൂൺ പതിനെട്ടാം തീയതി നടന്ന ഈ കൂടിക്കാഴ്ച കേതനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന് വേണ്ടിയാണെന്ന് പോലീസ് പറയുന്നു. കേതനെ എവിടെ നിന്ന് തള്ളിയിടണം എന്നതുൾപ്പെടെയുള്ള സ്കെച്ച് ഇവർ തയാറാക്കിയിരുന്നു. തുടർന്ന് കേതനെ സിയ ലൊഹഗാഡ് കോട്ടയിലേക്ക് മൂന്ന്- നാല് മണിക്കൂർ നീളുന്ന ട്രക്കിങ്ങിനെന്ന വ്യാജേന കൊണ്ടുപോയി. ചേതൻ ഇവരെ പിന്തുടരുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. ട്രക്കിങ്ങിനിടെ കാൽവഴുതി വീണുവെന്നായിരുന്നു സിയ, കേതന്റെ കുടുംബത്തോട് പറഞ്ഞിരുന്നത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിയയ്ക്കും കേതനുമെതിരേ ചുമത്തിയിട്ടുള്ളത്. അതേസമയം കേസ് മുറുകുന്നെന്നു കണ്ടതോടെ കൊലപാതക ആസൂത്രണം നടത്തിയത് സംബന്ധിച്ച് പരസ്പരം രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് പ്രതികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ ജനുവരി മുതൽ കൊലപാതകം നടന്ന ദിവസം വരെ 2000ത്തിൽ അധികം ഫോൺ കോളുകൾ ഇരുവരും തമ്മിലുണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
അതുപോലെ ലൊഹഗാഡ് കോട്ടയിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്താൻ സിയ പലവട്ടം ശ്രമിച്ചിരുന്നെന്നാണ് വിവരം. സമുദ്രനിരപ്പിൽനിന്ന് 3,300 അടിയോളം ഉയരത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. മേയ് 31-ന് സിയയും കേതനും ഇവിടെ സന്ദർശനം നടത്തിയിരുന്നു. . നാലുദിവസത്തിന് ശേഷം ജൂൺ നാലാം തീയതി വീണ്ടും ഇവിടേക്ക് വരാൻ കേതനെ സിയ നിർബന്ധിച്ചു. എന്നാൽ കേതന്റെ അമ്മ സമ്മതിക്കാത്തതിനാൽ അന്ന് സന്ദർശനം നടന്നില്ല. തുടർന്ന് ജൂൺ 14-ന് ഇവിടെ എത്തിയപ്പോൾ കേതനെ, സിയ തള്ളിയിട്ടു. എന്നാൽ കുറ്റിച്ചെടികളിൽ പിടിച്ചുകിടന്ന് കേതൻ രക്ഷപ്പെട്ടു. എന്തിനാണ് തള്ളിയിട്ടതെന്ന ചോദ്യത്തിന്- പാമ്പിനെ കണ്ടെന്നും അതിൽനിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി തള്ളിയെന്നുമായിരുന്നു കേതന് സിയ നൽകിയ മറുപടി. പിന്നീട് തന്റേ പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു.
അതേലമയം സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. കേതന്റെയും സിയയുടെയും പിന്നിലായി ഹൂഡി ധരിച്ച ഒരാൾ പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തലയിൽ ഹെഡ്‌സെറ്റുമുണ്ടായിരുന്നു. ചേതൻ ആയിരുന്നു ഇത്. ഒരിടത്തുവെച്ച് സിയ, ഇയാളെ തിരിഞ്ഞുനോക്കുന്നത് കാണാം. 33 ഡിഗ്രി ചൂടുള്ള സമയത്ത് ഹൂഡി ധരിച്ച് വന്നത് പോലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഡയറക്ടറും ചീഫ് മാർക്കറ്റിങ് ഓഫീസറും ആയിരുന്നു കേതൻ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുമായുള്ള വിവാഹനിശ്ചയം. ഉദയ്പുറിൽ വലിയ ആഡംബരത്തോടെ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി കൊട്ടാരം ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സിയയ്ക്ക് ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കേതന്റെ കുടുംബവുമായി സിയയുടെ കുടുംബത്തിനു വർഷങ്ങളായുള്ള ബന്ധമുണ്ടായിരുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിലേക്ക് എത്തിച്ചത്. തങ്ങളുടെ ബന്ധത്തിലെ പ്രതിബന്ധമായാണ് സിയയും ചേതനും കേതനെ കണ്ടിരുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.

















































