ബെംഗളൂരു: കന്നഡ നടി കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായി മരിച്ച നിലയിൽ. മുപ്പത്തിമൂന്നുകാരനായ വൈശാഖിനെയാണ് രാജരാജേശ്വരി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ നടി കൃഷി താപണ്ഡ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. അവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
മരണപ്പെടുന്നതിന് തൊട്ടുമുമ്പ് വൈശാഖ് കൃഷിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നതായും, താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നതായും പറയപ്പെടുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ട കൃഷി ഉടൻ തന്നെ വൈശാഖിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈശാഖ് ജീവനൊടുക്കിയിരുന്നു. മുൻപ് ഒരു ഭീഷണി കേസുമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. വൈശാഖിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ആർ നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















































