തിരുവനന്തപുരം: മാസങ്ങളായി കുതിച്ചുയർന്ന സ്വർണവിലയ്ക്ക് ഒടുവിൽ ബ്രേക്കു വീണു. സംസ്ഥാനത്ത് ഇന്ന് മാത്രം പവന് 2,040 രൂപയും ഗ്രാമിന് 255 രൂപയും കുറഞ്ഞതോടെ സ്വർണവില ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 12,845 രൂപയായപ്പോൾ, ഒരു പവൻ സ്വർണത്തിന് 1,02,760 രൂപയായി. തുടർച്ചയായ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ ഇന്നുണ്ടായ കനത്ത കുറവാണ് വിപണിയിൽ ശ്രദ്ധേയമായത്.
മെയ് 25-ന് പവന് 1,16,880 രൂപ എന്ന ഉയർന്ന നിരക്കിലായിരുന്ന സ്വർണം ഒരു മാസത്തിനുള്ളിൽ 14,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അടുത്തിടെ സ്വർണം വാങ്ങുന്നത് മാറ്റിവെച്ചിരുന്നവർക്കും വിവാഹ ആവശ്യങ്ങൾക്കായി കാത്തിരുന്നവർക്കും ഇത് വലിയ ആശ്വാസമായിരിക്കുകയാണ്.
ജൂൺ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയിലായിരുന്ന സ്വർണവില പിന്നീട് ഉയർച്ചയും താഴ്ചയും നേരിട്ടെങ്കിലും മാസാവസാനത്തോട് അടുക്കുമ്പോൾ ഇടിവ് ശക്തമാകുകയായിരുന്നു. ജൂൺ 15-ന് പവന് 1,11,120 രൂപയായിരുന്ന വില, പിന്നീട് തുടർച്ചയായി താഴ്ന്ന് 19-ന് 1,06,960 രൂപയിലെത്തി. ചെറിയ ഉയർച്ചകൾക്കുശേഷം 24-ന് 1,05,840 രൂപയായിരുന്ന വില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞ് 1,02,760 രൂപയിലെത്തി.
സ്വർണത്തിനൊപ്പം വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ഡോളറിന്റെ ചലനങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
















































