മാനന്തവാടി: വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ 9 വയസുകാരിക്ക് അടിയന്തര ചികിത്സ നിഷേധിച്ചതായി പരാതി. എടവക സ്വദേശി ജ്യോതിഷിന്റെ മകൾ തനുജയ്ക്കാണ് കൈക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സാ നിഷേധിച്ചത്.
സ്കൂളിൽ വീണതിനെ തുടർന്ന് കുട്ടിയെ അധ്യാപകർ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ കൈ മുട്ടിന് സമീപമുള്ള എല്ല് പൊട്ടുകയും സ്ഥാനം മാറുകയും ചെയ്തതായി കണ്ടെത്തി. ഉടൻ ശസ്ത്രക്രിയ ആവശ്യമാണ് എന്ന് അസ്ഥിരോഗ വിഭാഗം വിദഗ്ധർ നിർദേശിച്ചതായി കുടുംബം പറയുന്നു.
എന്നാൽ, ആശുപത്രിയിൽ ആവശ്യമായ ശസ്ത്രക്രിയ സൗകര്യം ആ ദിവസത്തിൽ ലഭ്യമല്ലെന്നും, “ഇന്ന് സർജറി ദിനമല്ല” എന്ന കാരണത്താൽ കുട്ടിയെ തിരിച്ചയച്ചതായും പിതാവ് ആരോപിച്ചു. അടിയന്തരമായി ശസ്ത്രക്രിയ നടത്താത്തപക്ഷം കൈയുടെ ചലനശേഷി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ കമ്മന നവോദയം യു.പി സ്കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. എക്‌സ്-റേ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതിനെ തുടർന്ന് ഉടൻ ചികിത്സ ആവശ്യമാണ് എന്ന് വിദഗ്ധർ നിർദേശിച്ചെങ്കിലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടിയുടെ കൈയിൽ നിറവ്യത്യാസം കണ്ടതോടെ മാതാപിതാക്കൾ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബം അറിയിച്ചു.
സംഭവം മെഡിക്കൽ കോളജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് ആരോപിച്ച് കുടുംബം പ്രതികരണം നടത്തിയിട്ടുണ്ട്. വിഷയത്തിൽ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.















































