ന്യൂയോർക്ക്: ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ ഇസ്രായേൽ പ്രതിനിധിയും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. സംഘർഷ സാഹചര്യങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് വെള്ളിയാഴ്ച സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു സംഭവം.
ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഇസ്രായേലിനെ ആദ്യമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ ഇസ്രായേലിന്റെ യുഎൻ സ്ഥാനപതി ഡാനി ഡാനൻ രംഗത്തെത്തി. റിപ്പോർട്ട് തയ്യാറാക്കിയ യുഎൻ പ്രത്യേക പ്രതിനിധി പ്രമിള പാറ്റൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ട് പക്ഷപാതപരമാണെന്നും സെക്രട്ടറി ജനറലിന്റെ നിലപാടിന് വഴങ്ങിക്കൊണ്ടാണ് അത് തയ്യാറാക്കിയതെന്നുമായിരുന്നു ഡാനന്റെ ആരോപണം.
ഇതിനിടെ യോഗത്തിൽ ഇടപെട്ട യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ വനേസ ഫ്രേസിയറും വ്യക്തിപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഡാനനോട് ആവശ്യപ്പെട്ടു. റിപ്പോർട്ടിന് മതിയായ തെളിവുകളുടെ അടിസ്ഥാനമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
















































