തിരുവനന്തപുരം ∙ യുഎപിഎ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം കൈമാറിയത്. ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും അന്വേഷിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
2026 മാർച്ചിലാണ് രൂപേഷ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 11 വർഷത്തെ തടവുജീവിതത്തിനൊടുവിലായിരുന്നു മോചനം. 2015-ൽ കോയമ്പത്തൂരിൽ നിന്നാണ് രൂപേഷിനെയും ഭാര്യ ഷൈനയുൾപ്പെടെ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലും തമിഴ്നാട്ടിലുമായി രൂപേഷിനെതിരെ ആകെ 42 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ചിലത് യുഎപിഎ കേസുകളുമാണ്. നിലവിൽ 16 കേസുകൾ വിചാരണ ഘട്ടത്തിലാണുള്ളത്. രണ്ട് കേസുകളിൽ രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് ഭാര്യ ഷൈനയും സഹപ്രവർത്തകരും ചേർന്ന് രൂപേഷിനെ സ്വീകരിച്ചു. ചുവന്ന ഷാൾ അണിയിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു സ്വീകരണം.
ജയിലിൽ കഴിയുന്നതിനിടെ താൻ എഴുതിയ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കാതിരുന്നതിലൂടെ ഇടതുസർക്കാർ അധികാരമുഖം പ്രകടമാക്കിയെന്ന് രൂപേഷ് ആരോപിച്ചിരുന്നു.
















































