ജയ്പൂർ: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ച് ആൾക്കൂട്ടം. ജയ്പൂരിലെ വിധായക്പുരി പോലീസ് സ്റ്റേഷനു മുന്നിൽവെച്ചാണ് പ്രതികളെ ആൾക്കൂട്ടം മാലയിട്ട് സ്വീകരിച്ചത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് പ്രതികളെ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ ആളുകൾ സ്വീകരിച്ചത്. കേസിൽ രോഹിത് ശർമ (25), രാകേഷ് ഗുർജർ (30), അജയ് ശർമ (25) കുൽദീപ് ഷെകാവത്ത് (27), നികേത് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കൂടാതെ ഓരോരുത്തർക്കും ഇരുപതിനായിരം രൂപയുടെ ബോണ്ട് നൽകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ജൂൺ പതിനഞ്ചിന് ജയ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആക്രമിക്കപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രതികൾ അഭിജീത് ദീപ്കെയുടെ മുഖത്ത് അടിക്കുകയായിരുന്നു. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് അഭിജീത് അന്നേ ആരോപിച്ചിരുന്നു. ആക്രമണങ്ങളെ ഭയപ്പെടുന്നില്ലന്നും സിജെപി പിന്തുടരുന്നത് ഗാന്ധിജിയെയും അംബേദ്കറിനെയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിജെപിയുടേത് സത്യാഗ്രഹ സമരമാണ്. സർക്കാരിനെതിരെ ശബ്ദം ഉയർത്തുന്നവരെ ആക്രമിക്കുന്നത് ആർഎസ്എസ് രീതിയാണ്. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനുമുള്ള ശ്രമമാണിത്. ആരെങ്കിലും സർക്കാരിനെതിരെയോ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയോ സംസാരിച്ചാൽ അവർ ഇങ്ങനെയാണ് ചെയ്യുന്നത്. അതിൽ പുതുമയൊന്നുമില്ല എന്നാണ് അഭിജീത് ദീപ്കെ പ്രതികരിച്ചത്.
Men who attacked Abhijeet Dipke are being welcomed with Garlands…
the same way Rap!sts of Bilkis Bano were welcomed with garlands…
The same way they glorify Godse for k!lling Gandhi…
This is NOT the India we want.. pic.twitter.com/3UFxPAsgUo
— Arpit Sharma (@iArpitSpeaks) June 16, 2026















































