ടെൽ അവീവ്: ഇറാൻ–യുഎസ് സമാധാന കരാറിനെതിരെ കടുത്ത നിലപാടുമായി ഇസ്രയേൽ മന്ത്രിമാർ രംഗത്ത്. ട്രംപിന്റെ കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും അമേരിക്കയുടെ കീഴിലല്ല തങ്ങളുള്ളതെന്നും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ വ്യക്തമാക്കി. തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു.
ഇറാൻ–യുഎസ് കരാറിന്റെ ഭാഗമായി ലെബനനിലെ സൈനിക നടപടികളിൽ മാറ്റം വരുത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രയേൽ മന്ത്രിമാർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
“അന്താരാഷ്ട്ര സമ്മർദ്ദത്തിന് ഞങ്ങൾ വഴങ്ങിയ ഓരോ തവണയും, പലിശയോടെ രക്തം ചിന്തേണ്ടിവന്നിട്ടുണ്ട്. ഓസ്ലോ ഉടമ്പടിയിലും 2006-ലെ ലെബനൻ കരാറിലും ഗാസയുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും അതാണ് സംഭവിച്ചത്. എല്ലാം ഒടുവിൽ ഞങ്ങളുടെ മുഖത്ത് പൊട്ടിത്തെറിച്ചു,” ബെൻ ഗ്വിർ പറഞ്ഞു.
“ഇസ്രായേലിലെ പൗരന്മാർ, ഐഡിഎഫ് സൈനികർ, യഹൂദ ജനത എന്നിവരോടാണ് ഞങ്ങളുടെ കടമ. യഹൂദർക്ക് സുരക്ഷ നൽകുന്നതാണ് ഞങ്ങളുടെ കർത്തവ്യം. ഞങ്ങൾ അമേരിക്കയെ സ്‌നേഹിക്കുന്നു, പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ട്. എന്നിരുന്നാലും, ഇസ്രായേൽ ഒരു ബനാന റിപ്പബ്ലിക് അല്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ പ്രധാനമന്ത്രിയോട് എപ്പോഴും ഇക്കാര്യങ്ങൾ പറയാറുണ്ട്. എല്ലാ പ്രധാനപ്പെട്ട ചരിത്രസന്ധികളിലും അടച്ചിട്ട മുറികളിൽ അവ ആവർത്തിക്കാറുണ്ട്. ചരിത്ര നിമിഷങ്ങളിൽ ചരിത്രപരമായ തീരുമാനം എടുക്കണം. എന്റെ നിലപാട് വ്യക്തമാണ്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാത്ത ഈ കരാറിൽ ഞങ്ങൾ പങ്കാളികളല്ല. അത് ഞങ്ങളെ ഒരുതരത്തിലും ബാധ്യസ്ഥരാക്കുന്നില്ല. ഹിസ്ബുള്ളയെ നിരായുധരാക്കുന്നതിൽ കുറഞ്ഞ ഒന്നിനും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. ഞങ്ങളുടെ പോരാളികൾ പിടിച്ചെടുത്ത, ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ നീക്കംചെയ്ത ഒരു പ്രദേശത്തുനിന്നും ഞങ്ങൾ പിന്മാറില്ല,” ബെൻ ഗ്വിർ പ്രസ്താവനയിൽ പറഞ്ഞു.
“ലെബനനിൽനിന്ന് ഇസ്രയേലിലേക്ക് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നാൽ തിരിച്ചടിക്കും. ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കാൻ ഇനി ഉദ്ദേശിക്കുന്നില്ല. അടിവാങ്ങി നിശ്ശബ്ദരായിരുന്ന യഹൂദരുടെ കാലം കഴിഞ്ഞു. ഇനി അത് ഒരിക്കലും ഉണ്ടാകില്ല,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിൽ ഐഡിഎഫ് അനിശ്ചിതകാലം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി ചേർന്നാണ് ഈ നയം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്രയേലിന്റെ സുരക്ഷാ മേഖലകളിൽനിന്ന് പ്രാദേശിക താമസക്കാരെ ഒഴിപ്പിക്കും. ഭൂമിക്ക് മുകളിലും താഴെയുമുള്ള എല്ലാ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും സഹായം ചെയ്യുന്ന ഗ്രാമങ്ങളും നശിപ്പിക്കും,” പ്രതിരോധ മന്ത്രി പറഞ്ഞു.
“ലെബനനിൽനിന്ന് ഇസ്രയേൽ പിൻമാറില്ലെന്ന കാര്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപിനോടും മറ്റ് ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങളിലോ പൗരന്മാരുടെ സംരക്ഷണത്തിലോ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. സുരക്ഷാ മേഖലകളിൽനിന്ന് ഞങ്ങൾ പിന്മാറില്ല. ലെബനനിലെ സംഭവങ്ങളുടെ പേരിൽ ഇറാൻ ഇസ്രായേലിനെ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ അതിനെതിരേ പൂർണശക്തിയോടെ തിരിച്ചടിക്കും,” ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.
















































