മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം മുങ്ങിത്തുടങ്ങിയ കപ്പലിൽ നിന്ന് 14 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയതായി യുഎസ് നേവി. ഇന്ത്യൻ പതാകയോടെ സഞ്ചരിച്ചിരുന്ന ‘എംഎസ്‌വി വിരാട് 1’ എന്ന കപ്പലാണ് എൻജിൻ തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ റാസ് അൽ ഹാദിലിന് കിഴക്ക് ഏകദേശം 80 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് സംഭവം നടന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, കപ്പൽ എൻജിൻ തകരാറിനെ തുടർന്ന് മുഴുവൻ ജീവനക്കാരും കപ്പൽ വിട്ട് ലൈഫ് റാഫ്റ്റിലേക്ക് മാറുകയായിരുന്നു. യുഎസ് നേവിയുടെ പി-8 മറൈൻ പട്രോൾ വിമാനം സ്ഥലത്തെത്തി ലൈഫ് റാഫ്റ്റ് താഴെ ഇറക്കുകയും, നാവികർ അതിലേക്ക് സുരക്ഷിതമായി കയറുന്നത് മേൽനോട്ടം വഹിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് യുഎസ്. നേവി തീരദേശ അധികാരികളെയും ഇന്ത്യൻ നാവികസേനയെയും വിവരം അറിയിക്കുകയും അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഷിപ്പിംഗ് ഡയറക്ടറേറ്റിലെ വൃത്തങ്ങൾ പ്രകാരം, എല്ലാ 14 നാവികരും ലൈഫ് റാഫ്റ്റിലേക്ക് വിജയകരമായി മാറിയിട്ടുണ്ട്. പിന്നീട് സമീപത്തുണ്ടായിരുന്ന ‘എംവി ജബൽ അലി 9’ എന്ന കപ്പലിനും സഹായത്തിനായി സ്ഥലത്തേക്ക് നീങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ മസ്കറ്റിലെ ഇന്ത്യൻ എംബസിയും സംഭവം സ്ഥിരീകരിച്ചു, കൂടാതെ ഒമാൻ അധികാരികളുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായി അറിയിച്ചു. “സമീപത്തുള്ള കപ്പലുകളുടെ സഹായത്തോടെ ഒമാൻ അധികൃതരുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്” എന്നായിരുന്നു എംബസിയുടെ അറിയിപ്പ്.
സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ല. എൻജിൻ തകരാറാണ് കപ്പൽ മുങ്ങിത്തുടങ്ങാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.














































