കൊച്ചി: രാഹുൽ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട, വേണമെങ്കിൽ നരേന്ദ്രമോദിയെ വാരിപ്പുണർന്നോട്ടേയെന്ന് മുൻ മന്ത്രി കെഎൻ ബാലഗോപാൽ. ‘രാഹുൽ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട. രാഹുൽഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി. രാഹുൽഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് നമ്മൾ പാർലമെന്റിൽ കണ്ടതാണല്ലോ’, കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
അതുപോലെ കോൺഗ്രസിനെ വിശ്വസിച്ച് ഇന്ത്യാ മുന്നണിയിൽ നിൽക്കാനാകുമോയെന്ന ചോദ്യവും സിപിഎം ഉന്നയിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെയുമായുള്ള അനൈക്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ് എന്നും കോൺഗ്രസിന് രാഷ്ട്രീയ സത്യസന്ധതയില്ലെന്നും മുൻ മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്ത്യാ സഖ്യ യോഗത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിട്ടതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടാൽ അതിന് താൻ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുൽ പ്രസംഗിച്ചത്.
അതുപോലെ പിണറായി വിജയന്റെ മകളായതുകൊണ്ടാണ് ടി വീണയ്‌ക്കെതിരായ ഇഡി അന്വേഷണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പിണറായി വിജയന്റെ വീട്ടിൽ അടക്കം ഇ ഡി റെയ്ഡ് നടത്തിയത് അതിനാൽ ആണെന്നും രാഷ്ട്രീയ വേട്ടയാടലുകൾ അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹം വിമർശിച്ചു. കേസുകൾ നിയമപരമായി ടി വീണ തന്നെ കൈകാര്യം ചെയ്യുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
‘രാഷ്ട്രീയമായി വേട്ടയാടാനാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ റെയ്ഡ്. എത്രയോ പ്രാവശ്യം അന്വേഷിച്ച കാര്യമാണ്. വിവാദം ഉണ്ടാക്കാനായാണ് ഇ ഡി പോയതെന്നതിൽ തർക്കമില്ല. രാഷ്ട്രീയമായി ഇത്തരം കാര്യങ്ങളെ ഉപയോഗിക്കുന്നുവെന്നതിൽ ആർക്കാണ് സംശയം. രാഷ്ട്രീയമായി ഇതിനെ കാണേണ്ട കോൺഗ്രസ് അവരുടെ രാഷ്ട്രീയ താൽപര്യത്തിന് ഇതിനൊപ്പം നിൽക്കുന്നു’, കെ എൻ ബാലഗോപാൽ പറഞ്ഞു.















































