സേലം: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ പലചരക്കുകട ഉടമ അറസ്റ്റിൽ. കൊണ്ടെല്ലാം പട്ടിപ്പുത്തൂർ സ്വദേശിയായ മണികണ്ഠൻ (43) ആണ് പൊലീസിന്റെ പിടിയിലായത്.
സ്ത്രീകളുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. തുടർന്ന് സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
25-ലധികം സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും ലഹരിക്കടത്തിന് സഹായിക്കണമെന്ന് നിർബന്ധിച്ചതായും പരാതികളുണ്ട്.
ഇത്തരത്തിൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയും മണികണ്ഠനും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതിനിടെ, അറസ്റ്റിലായ മണികണ്ഠൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബന്ധപ്പെട്ട പാർട്ടി നേതൃത്വം വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പരാതിക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.















































