ഭോപ്പാൽ: മധ്യപ്രദേശിൽ രക്താർബുദ ബാധിതനായ മൂന്നുവയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. എയിംസ് ഭോപ്പാലിൽ ചികിത്സയിൽ കഴിയുകയായിരുന്ന മൂന്നുവയസുകാരന് നഴ്‌സ് മരുന്നിന് പകരം ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഫോർമാലിൻ കുത്തിവെച്ചന്നാണ് റിപ്പോർട്ട്. മരുന്നിന് പകരം നഴ്‌സ് മൂന്നുവയസുകാരന്റെ ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുളള സാർഥക് യാദവ് എന്ന മൂന്നുവയസുകാരനാണ് മരിച്ചത്. 2025 ഡിസംബറിലായിരുന്നു സംഭവമുണ്ടായത്.
രക്താർബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. 2025 ഡിസംബർ പതിനഞ്ചിന് ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. പതിനേഴാം തീയതി രാവിലെയാണ് ഗുരുതരമായ പിഴവുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. മരുന്ന് കുഞ്ഞിന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്നതിന് മുൻപ് മൂന്നുതവണ അത് തെറ്റായ മരുന്നാണ് എന്ന് കുഞ്ഞിന്റെ അച്ഛൻ പറഞ്ഞെന്നും മുന്നറിയിപ്പ് വകവയ്ക്കാതെ നഴ്‌സ് മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നുമാണ് കുടുംബം ആരോപിച്ചത്.
അതേസമയം മരുന്ന് കുത്തിവെച്ച ഉടൻ തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. പിഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാർ തുടർന്ന് സിപിആർ നൽകിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിൽ മൂന്നുവയസുകാരന്റെ മരണം ഐവിയിലൂടെ ഫോർമാലിൻ ശരീരത്തിനുളളിൽ എത്തിയത് മൂലമാണെന്ന് കണ്ടെത്തിയിരുന്നു. നഴ്‌സിംഗ് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ബയോപ്‌സി സാംപിളിനായി എടുത്തുവെച്ചിരുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നഴ്‌സിംഗ് ഓഫീസർ മധുബാല ശർമയാണ് ഇത് കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചത്. മറ്റൊരു നഴ്‌സിംഗ് ഓഫീസർ അനുകയാണ് ഫോർമാലിൻ അശ്രദ്ധമായി വാർഡിൽ വെച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.















































