എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിൽ തുളഞ്ഞുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയില്ല, സ്ഫോടക വസ്തുവുമായി ജീവൻ പണയം വച്ച് ജീവനക്കാർ യാത്ര ചെയ്തത് 92.6 കിലോമീറ്റർ!! ഒടുവിൽ സാഹസികമായി സ്ഫോടക വസ്തു നിർവീര്യമാക്കി ഇന്ത്യൻ നാവിക സേന
കൊച്ചി; ഒമാൻ തീരക്കടലിൽ കഴിഞ്ഞമാസം ആക്രമണത്തിനിരയായ എണ്ണക്കപ്പലിൽ കുടുങ്ങിയ പൊട്ടാത്ത മിസൈൽ ഭാഗം ദിവസങ്ങളോളമെടുത്ത് ഇന്ത്യയുടെ നാവികസേന സാഹസികമായി നീക്കം ചെയ്തു. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ വിഭാഗത്തിലെ അംഗങ്ങളാണ് പുറങ്കടലിൽ കൊച്ചിക്കു സമീപം നങ്കൂരമിട്ട കപ്പലിലെത്തി 7 ദിവസമെടുത്തു ജീവൻ പണയംവച്ച് സ്ഫോടകവസ്തു നിർവീര്യമാക്കിയത്. കപ്പലിൽ ഇന്ത്യൻ ജീവനക്കാരില്ലായിരുന്നു.
യുഎഇയിലെ ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കു വന്ന, മാർഷൽ ഐലൻഡ്സ് പതാകയുള്ള എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിനു നേരെ മേയ് 26നാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ മുൻഭാഗം തുരന്നുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയിരുന്നില്ല. മാത്രമല്ല കപ്പലിൽ വെള്ളം കയറുകയോ മറ്റു യന്ത്രത്തകരാറുകളുണ്ടാകുകയോ ചെയ്തില്ല.
ഇതോടെയാണ് മിസൈൽ പതിച്ച കപ്പലിൽ ജീവൻ പണയംവച്ചാണ് ജീവനക്കാർ ദിവസങ്ങളോളം കടലിലൂടെ സഞ്ചരിച്ചത്. കൊച്ചിക്ക് 50 നോട്ടിക്കൽ മൈൽ (92.6 കിലോമീറ്റർ) അകലെയെത്തിയപ്പോൾ അപായ സന്ദേശം കൈമാറിയതോടെയാണു നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. ജീവനക്കാരെ മാറ്റിയ ശേഷമായിരുന്നു മിസൈൽ നിർവീര്യമാക്കാൻ തുടങ്ങിയത്.






