തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ പിന്തുണച്ച് മേയർ വി.വി. രാജേഷ് രംഗത്ത്. സുഗതൻ പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും സുഗതന് രാഷ്ട്രീയ, നിയമ പിന്തുണ നൽകുമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
സുഗതൻറെ 14 കാരനായ മകനെതിരെ പോലീസ് തോക്കുചൂണ്ടിയെന്നും ഇന്ന് തന്നെ സുഗതൻറെ വീട്ടിൽ പോകുമെന്നും വി.വി. രാജേഷ് പറഞ്ഞു. സുഗതനെ പോലീസ് വേട്ടയാടുകയാണ്. സുഗതനെ കാപ്പ കേസിൽപ്പെടുത്തിയതാണ്. വർഷങ്ങളായി സിപിഎം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് വിജയിച്ചയാളാണ് സുഗതൻ. അത് ജനങ്ങൾക്ക് രാഷ്ട്രീയ വിവേകമുള്ളത് കൊണ്ടാണ്.
സുഗതൻ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. പിന്നെയെന്തിനാണ് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണ്. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. സുഗതൻ കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ പോലീസ് കാണിക്കണം. ക്രിമിനൽ കേസിൽ പ്രതിയായ ഒരു പോലീസുകാരൻ വന്നിട്ട് ഇദ്ദേഹം കാപ്പ കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിച്ചുകൊണ്ടുക്കാൻ താൻ അടക്കമുള്ളവർ തയാറല്ല.
മേയർ എന്ന നിലയ്ക്ക് ഇങ്ങനെ കൗൺസിലർമാരെ ദ്രോഹിക്കുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവരാണ് ഈ ക്രിമിനൽ ബുദ്ധിയ്ക്ക് പിന്നിലുള്ളത് പല പ്രശ്നങ്ങളും ഉള്ള ഉദ്യോഗസ്ഥനാണ് സിഐ വിപിൻ. നേരത്തെ ഇദ്ദേഹം അവധിയിൽ പോയിരുന്നു. പിന്നീട് ഒരു എൽഡിഎഫ് മുൻ എംഎൽഎ ആണ് വിപിൻ തിരിച്ചുവരാൻ കാരണം. തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയതെന്നും വി.വി. രാജേഷ് പറഞ്ഞു.
അതേസമയം പോലീസ് സുഗതനെ വീട്ടിൽ നിന്നു പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതിൽ സുഗതൻ പോലീസിനു നേരെ അസഭ്യം പറയുന്നതും ഭാര്യ പോലീസിന്റെ അറസ്റ്റ് തടസപ്പെടുത്താൻ ശ്രമിക്കുന്നതും കാണാം.

















































