മുംബൈ: വിദ്വേഷ പ്രസ്താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നസിയ ഇലാഹി ഖാൻ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‍ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്‍ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോടുള്ള ആഹ്വാനം. ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു.
പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും ഇന്ത്യ പോരാടുന്നുണ്ട്. ഹിന്ദുക്കളെ മതം മാറ്റുന്നതിനായി മുസ്‍ലിംകൾ നിരവധി രഹസ്യ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവിശ്വാസികൾക്കെതിരായ അക്രമത്തിന് ഖുർആൻ അനുമതി നൽകുന്നുവെന്നും അവർ ആരോപിച്ചു. ‘അല്ലാഹുവിനെയും പ്രവാചകനെയും പിന്തുടരാത്തവരെ കൊല്ലണം എന്ന് സൂറ ബഖറയും സൂറ തൗബയും പറയുന്നുണ്ട്.
ഇസ്‌ലാമിലേക്കുള്ള ക്ഷണം നിർബന്ധമാണ്. അത് നിഷേധിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വെല്ലുവിളിക്കുന്നു. 120 കോടി ഹിന്ദുക്കൾ ജാഗ്രത പാലിക്കണം. ഭാരത് മാതാ കീ ജയ് അല്ലെങ്കിൽ വന്ദേമാതരം ചൊല്ലാൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിസമ്മതിക്കുകയാണ് മുസ്‍ലിംകൾ’ -നസിയ ആരോപിച്ചു.
















































