ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ബർധമാനിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഏകദേശം 1,400 കിലോമീറ്റർ സഞ്ചരിച്ച് ഡൽഹിയിലെത്തിയാണ് പ്രതികൾ കൊലപാതകം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. സ്വത്തിനുവേണ്ടിയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ
ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡെബോസ്മിത പോളിനെ ബുധനാഴ്ച കിഴക്കൻ ഡൽഹിയിലെ വസുധാര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ്. തുടർച്ചയായ റെയ്ഡുകളിലൂടെയാണ് പോലീസ് ബംഗാളിലെ ബർദ്ധമാനിലേക്ക് എത്തിയത്, അവിടെ നിന്നാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. 2022-ൽ വിവാഹമോചിതയായ ഡെബോസ്മിത ഒറ്റയ്ക്കായിരുന്നു താമസം.
സംഭവദിവസം പ്രതികൾ മുഖംമൂടി ധരിച്ച് സ്വകാര്യ കാബിൽ ഫ്ലാറ്റിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു. സംശയം ഒഴിവാക്കാനായി കുട്ടിയെയും കൂട്ടിക്കൊണ്ടാണ് ഇവർ എത്തിയത്. ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ വഴി ആറാം നിലയിലെ ഫ്ലാറ്റിലെത്തി. പരിചയക്കാരെന്ന നിലയിൽ വീട്ടിൽ പ്രവേശിച്ച ഇവർ കൈവശം കൊണ്ടുവന്ന ആയുധം ഉപയോഗിച്ച് പോളിനെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം വസ്ത്രം മാറ്റി വീണ്ടും താഴേക്ക് ഇറങ്ങിയ പ്രതികൾ കാത്തുനിന്നിരുന്ന കാബിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അതേസമയം കേസിന്റെ അന്വേഷണത്തിൽ പോലീസ് വ്യാപകമായ പരിശോധന നടത്തി. സംഭവദിവസം അപാർട്ട്മെന്റിൽ എത്തിയ ഏകദേശം 200 പേരിൽ നിന്ന് 13 പേരെ തെരഞ്ഞെടുത്തു ചോദ്യം ചെയ്തു. ഏഴ് പോലീസ് സംഘങ്ങൾ നാല് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തി നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തു. ഇതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുകയും പ്രതികളെ ബർധമാനിൽ നിന്ന് പിടികൂടുകയും ചെയ്തത്.
പോളിന് പശ്ചിമ ബംഗാളിൽ പാരമ്പര്യമായി ലഭിച്ച കോടികൾ വിലമതിക്കുന്ന സ്വത്താണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഡെബോസ്മിതയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് അറസ്റ്റിലായ ദമ്പതികൾ. വീട്ടിൽ നിന്ന് ഒഴിയാൻ പോൾ ആവശ്യപ്പെട്ടതോടെ സ്വത്ത് കൈവശപ്പെടുത്താൻ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വ്യാഴാഴ്ച ഡെബോസ്മിതയുടെ സഹോദരി ദേവരതി പല തവണ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി. പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ട ഫ്ലാറ്റ് ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് പോളിന്റെ മൃതദേഹം കണ്ടെത്തിയത്. തലയിൽ ഗുരുതരമായ മുറിവും കൈയിലെ നാഡി മുറിച്ച നിലയുമായിരുന്നു. ആഭരണങ്ങളും പണവും അവിടെത്തന്നെകണ്ടെത്തിയതോടെ കവർച്ചയല്ല, ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






