സലിം കുമാർ എന്ന നടനെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച ഒരൊറ്റ കഥാപാത്രം കണ്ടിട്ടുള്ളവർക്ക് പോലും വാതോരാതെ പറയാനും ചിരിക്കാനുമുണ്ടാകും. അതു തന്നെയാണ് ആ നടന്റെ വിജയവും. വ്യത്യസ്ത അഭിനയശൈലിയിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സലിം കുമാറിന്റെ ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് ഗൗരവമേറിയ വേഷങ്ങളിലേക്കുള്ള യാത്ര അതിശയിപ്പിക്കുന്നതായിരുന്നു.
2010-ൽ പുറത്തിറങ്ങിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹം, കറുത്ത ജൂതൻ എന്ന ചിത്രത്തിന്റെ കഥയ്ക്ക് 2016-ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരത്തിനും അർഹനായി. ടെലിവിഷൻ രംഗത്തും മികവ് തെളിയിച്ച സലിംകുമാർ 2013-ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും കരസ്ഥമാക്കി.
1969 ഒക്ടോബർ 10-ന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിംകുമാറിന്റെ ജനനം. മതപരമായ തിരിച്ചറിയലുകൾക്ക് അതീതമായി നിലനിൽക്കുന്ന പേരാകണമെന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കൾ ‘സലിം’ എന്ന പേര് നൽകിയത്. പിന്നീട് സ്കൂൾ വിദ്യാഭ്യാസകാലത്ത് ‘കുമാർ’ എന്ന പേര് കൂടി ചേർന്നതോടെയാണ് അദ്ദേഹം സലിംകുമാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
വിദ്യാർത്ഥി ജീവിതം മുതൽ തന്നെ മിമിക്രിയിലും കലാപരിപാടികളിലും സജീവമായിരുന്ന സലിംകുമാർ, മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി മൂന്ന് തവണ ഒന്നാം സ്ഥാനം നേടി ശ്രദ്ധ നേടി. തുടർന്ന് വിവിധ മിമിക്രി ട്രൂപ്പുകളിലൂടെ വേദികളിൽ സജീവമായ അദ്ദേഹം അഭിനയരംഗത്തേക്കുള്ള വഴിയും അവിടെ നിന്നാണ് കണ്ടെത്തിയത്.
1996-ൽ സുനിതയെ വിവാഹം കഴിച്ച സലിംകുമാറിന് വിവാഹത്തിന് പിന്നാലെയാണ് സിനിമയിൽ അഭിനയിക്കാനുള്ള ആദ്യ അവസരം ലഭിക്കുന്നത്. ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആദ്യ ചിത്രം. എന്നാൽ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടായത്. തുടർന്ന് കല്യാണരാമൻ, സി.ഐ.ഡി. മൂസ, മീശ മാധവൻ, മായാവി, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് തുടങ്ങി നൂറുകണക്കിന് ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ അനിവാര്യ സാന്നിധ്യമായി മാറി.
നടനെന്നതിലുപരി കഥാകൃത്തായും സംവിധായകനായും സലിംകുമാർ തന്റെ കഴിവ് തെളിയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബജീവിതത്തിലും സന്തോഷകരമായ സാന്നിധ്യമായ സലിംകുമാറിന് ചന്തു, ആരോമൽ എന്നീ രണ്ട് മക്കളുണ്ട്. ഹാസ്യവും വികാരവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവ കലാകാരനെന്ന നിലയിൽ ഒരു അസാമാന്യ പ്രതിഭയെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാനാകും.
തന്റെ രാഷ്ട്രീയ ചിന്തകൾ മടി കൂടാതെ തുറന്നു പറഞ്ഞിരുന്ന വ്യക്തിയായിരുന്നു സലിം കുമാർ.അതിനാൽ തന്നെ അഭിനയരംഗത്ത് മാത്രം ശ്രദ്ധിക്കപ്പെട്ട നടനായിരുന്നില്ല അദ്ദേഹം. നാടിന്റെ വികസനത്തെക്കുറിച്ചും ഭരണരംഗത്തുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ തന്റെ നാട്ടുകാരനായ വി.ഡി സതീശന്റെ തിരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ ശാരീരികാസ്വസ്ഥതകൾ അവഗണിച്ച് സലിം കുമാർ പ്രത്യക്ഷപ്പെടുകയുണ്ടായി. അവിടെയും തന്റെ സ്വഭാവിക ഹാസ്യസംസാരങ്ങളിലൂടെ കൂടിനിന്നവരെ ആർത്തുചിരിപ്പിച്ച സലിം കുമാറിന്റെ വിയോഗം കേരളത്തിന് , പ്രത്യേകിച്ച് പറവൂരിന് താങ്ങാനാവുന്നതല്ല.മലയാളത്തിന് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങളും തമാശ ഡയലോഗുകളും സമ്മാനിച്ച അദ്ദേഹം പ്രേക്ഷക മനസ്സുകളിൽ എന്നും ജീവിക്കും.
















































