കോഴിക്കോട്: മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശ്വാസമില്ലാതെ ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് ന്യായീകരിക്കുന്ന ആളുകൾ കൂട്ടത്തിൽ ഉണ്ട്, ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുമെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സമസ്ത നേതാവ് എംഎൽഎക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി മതവിധി നൽകിയിട്ടുള്ളതാണെന്നും ഫൈസി പറയുന്നു.
നേരത്തെ തന്നെ മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തിയതിൽ തിരുത്തി സമസ്ത നേരത്തെ രംഗത്ത് വന്നിരുന്നു. അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്നായിരുന്നു ആഹ്വാനം. ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം. ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങൾ നടത്തിവരുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തലെന്ന് കേന്ദ്ര മുഷവറ അംഗങ്ങൾ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണ രൂപം
ഇസ്ലാമിക നിയമങ്ങൾ കൃത്യമാണ്, വ്യക്തമാണ്, സ്പഷ്ടമാണ്. ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. ഒരു ആടിനെ അറുത്ത് പാചകം ചെയ്താൽ അയൽക്കാരനായ ജൂതന് അതിൻറെ ആദ്യ ഭാഗം നൽകണമെന്ന് വീട്ടുകാരോട് നിർദ്ദേശിക്കുന്നവരായിരുന്നു പ്രവാചക അനുചരന്മാർ. എന്നാൽ, ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും ഇസ്ലാം ശക്തമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ ബഹുസ്വര സമൂഹം ജീവിക്കുന്ന നമ്മുടെ നാട്ടിൽ പലപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. വിശ്വാസമില്ലാതെ ഇത്തരം ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് പറഞ്ഞു അതിനെ ന്യായീകരിക്കുന്ന ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈ വിഷയത്തിൽ ഒരു സംശയത്തിനും ഇടമില്ലാത്ത വിധം ക്രിസ്റ്റൽ ക്ലിയർ ആയി കേരളത്തിലെ മുസ്ലിങ്ങളുടെ ആധികാരിക മതപണ്ഡിത സംഘടന മതവിധി നൽകിയിരിക്കുന്നു.
3/6/2026 ന്ചേർന്ന സമസ്ത മുശാവറ പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ വായിക്കാം: “പരിശുദ്ധ ഇസ്ലാമിൽ അടിസ്ഥാനമില്ലാത്തതും ഇതര മതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചു വരുന്നതുമായ ചടങ്ങുകളും ആചാരങ്ങളും മുസ്ലിങ്ങൾ വർജ്ജിക്കണമെന്ന് കോഴിക്കോട് ചേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ യോഗം ആഹ്വാനം ചെയ്തു. നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ചയിലാണ് മുശാവറ യോഗം മേൽ തീരുമാനം കൈക്കൊണ്ടത്. പ്രത്യേക ആചാരങ്ങളിൽ നിലവിളക്ക് കത്തിക്കൽ ഒരു പ്രത്യേക മത ചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങൾ നിർവഹിച്ചു വരുന്ന കാര്യമാണ്. അത്തരം ആചാരങ്ങൾ നടത്തി വരുന്ന അമുസ്ലിങ്ങൾക്ക് അതിന് അടിസ്ഥാനമാക്കിയിട്ടുള്ള ഇസ്ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്നതാണ്.
മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയും അമുസ്ലിങ്ങളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അത് ചെയ്തതെങ്കിൽ ആ പ്രവർത്തി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാൽ, ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയവും ആണ്.നമ്മുടെ രാജ്യത്തിൻറെ ഐക്യവും സൗഹാർദ്ദവും നിലനിർത്തുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണാതെ എല്ലാവരും സൂക്ഷിക്കേണ്ടതാണെന്നും സമസ്ത മുശാവറ ഉപദേശിച്ചു “.



















































