തൃശ്ശൂർ: പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ തെറ്റുപറ്റിയെന്ന് കവി കെ. സച്ചിദാനന്ദൻ. പിണറായി പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ല. കൂടുതൽ ഊർജസ്വലതയുള്ള ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ എന്നൊരു ചോദ്യം എല്ലാവരെയുംപോലെ എനിക്കുമുണ്ട്. മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷനേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന, കമ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല, കമ്യൂണിസ്റ്റ് വർത്തമാനവും ഭാവിയുമുള്ള ഒരാളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും 80-ാം ജന്മദിനത്തിൽ സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇ.ഡി.ക്കെതിരായ സി.പി.എം. ആക്രമണത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. അന്വേഷണത്തെ ആക്രമണംകൊണ്ട് നേരിടരുതായിരുന്നു. എന്തുകൊണ്ട് അതിനെ സമാധാനമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല? ഇ.ഡി. അന്വേഷണത്തെ സത്യംകൊണ്ടാണ് നേരിടേണ്ടത്. സത്യത്തെ ഭയമുണ്ട് എന്ന തരത്തിലായി പ്രതികരണം. ഇ.ഡി. നായാട്ടിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുത തുടരുകയാണെങ്കിൽ കമ്യൂണിസത്തിന് നിലനിൽപ്പുണ്ടാകില്ല. ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവർ കൈവിട്ടു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും പറയുന്നവർക്ക് ഇടതുതോൽവിയിൽ ചെറുതല്ലാത്ത പങ്കുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. പിണറായിയുടെ അധികപരസ്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി.
കോവിഡ്കാലത്തൊക്കെ രക്ഷിച്ച മന്ത്രിമാർ ഉണ്ടായിരുന്നിട്ടും പിണറായിയെ മാത്രം ഉയർത്തിക്കാട്ടി. ആളുകൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു..
അതേസമയം, ഇ.ഡി.യിൽനിന്ന് നീതി ലഭിക്കുമെന്ന കവി സച്ചിദാനന്ദന്റെ കണ്ടെത്തൽ വിചിത്രമാണെന്ന് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ പ്രതികരിച്ചു. ഇ.ഡി സത്യസന്ധമായ അന്വേഷണ ഏജൻസിയാണെന്ന് സച്ചിദാനന്ദൻ വിശ്വസിക്കുന്നെങ്കിൽ മറ്റൊന്നും പറയാനില്ല. പിണറായിക്കെതിരായ ഇ.ഡി വേട്ടയിൽ സി.പി.എം പ്രതികരിച്ചത് ശരിയായില്ല എന്ന പ്രസ്താവന അദ്‌ഭുതകരമാണ്.
ഇ.ഡി. എന്താണെന്ന് അറിയാത്തതുപോലെയാണ് പ്രതികരിക്കുന്നത്. കേന്ദ്രവേട്ടയാടലുകൾക്കെതിരേ സി.പി.എം. പ്രതികരിക്കരുതായിരുന്നുവെന്ന പ്രസ്താവന കവിയും മനുഷ്യാവകാശപ്രവർത്തകനുമായ ഒരാളിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നും അബ്ദുൾഖാദർ പറഞ്ഞു.


















































