തിരൂർ: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരേ സേവ് സിപിഎം എന്ന പേരിൽ തിരൂർ സിറ്റി ജങ്ഷനിൽ ഫ്ളക്സ് ബോർഡ്. ‘സഖാക്കളെ, വർഗീയവാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി? ഇവനോടല്ലേ നമ്മൾ കടക്ക് പുറത്ത് എന്ന് പറയേണ്ടത്’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. എസ്ഡിപിഐ നേതാവിനൊപ്പമുള്ള എ. വിജയരാഘവന്റെ വീഡിയോ വന്നതിനുപിന്നാലെയാണ് സൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനമുയരുന്നത്.
കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐ നേതാവിനൊപ്പമുള്ള എ. വിജയരാഘവന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു ആഘോഷപരിപാടിക്കിടെ എ. വിജയരാഘവൻ ഭക്ഷണം കഴിക്കുമ്പോൾ എസ്ഡിപിഐ തിരൂർ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഷാഫി അടുത്തുനിന്ന് മൈക്ക് പിടിച്ച് പാടുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ വീഡിയോ ചൂണ്ടിക്കാട്ടി ഇടതുപക്ഷ സഹയാത്രികരായ ചിലർ സാമൂഹികമാധ്യമങ്ങളിൽ വിജയരാഘവനെതിരേ നിശിതവിമർശനങ്ങൾ ഉയർത്തി.
അതോടെ വിവാദം കത്തിപ്പടരുകയായിരുന്നു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പിന്നീട് പ്രസ്താവനയിൽ അറിയിച്ചു.
ചടങ്ങിൽ പങ്കെടുത്ത് പാട്ടുപാടുന്നയാൾ എസ്ഡിപിഐ പ്രാദേശിക നേതാവാണ് എന്നതിന്റെ പേരിൽ വിജയരാഘവനെതിരേ ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും പാർട്ടി പറഞ്ഞു. മാത്രമല്ല എ. വിജയരാഘവൻ എസ്ഡിപിഐ നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന പേരിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന് ഷാഫിയും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിജയരാഘവനെ കണ്ടപ്പോൾ ഒരുമിച്ച് ഫോട്ടോ എടുത്തു. ഭക്ഷണം കഴിച്ച് വളരെ വേഗം അദ്ദേഹം പോവുകയും ചെയ്തെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.

















































