തൃശ്ശൂർ: വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലനുകൂലികൾ സ്ഥാപിച്ചതെന്നു വരുത്തി തീർക്കാൻ ഫ്ളക്സ് വച്ച് സിപിഎം നേതാവ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയ്ക്ക് ശേഷം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ വേണുഗോപാലിന്റെ ഫോട്ടോയടക്കമുള്ള ഫ്ളക്സ് വച്ച സിപിഎം നേതാവ് സമീപത്തുള്ള സിസിടിവിയിൽ കുടുങ്ങുകയായിരുന്നു. ഫ്ളക്സ് വച്ച് കഴിഞ്ഞ് വിജയഭാവത്തോടെ മടങ്ങിയ നേതാവ് രാവിലെ ആ ഫ്ളക്സിന്റെ ചിത്രം ഫേസ്ബുക്കിലിട്ട് കോൺഗ്രസിലെ ചേരിപ്പോരിനെ കളിയാക്കും വിധം പോസ്റ്റുമിട്ടു. എന്നാൽ, എല്ലാം ഒപ്പിയെടുത്ത സിസിടിവി ചതിച്ചു. അങ്ങനെ കള്ളി വെളിച്ചത്തുമായി.
വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ അരവശ്ശേരി മുഹമ്മദാണ് ഫ്ളക്സ് വച്ചത്. സംഭവം പുറത്തുവന്നതോടെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പോലീസിൽ പരാതി നല്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അഭിപ്രായ ഭിനന്തയുടെ കനൽ ആളികത്തിക്കാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് യുഡിഎഫ് നേതാക്കൾഅഭിപ്രായപ്പെട്ടു. എന്തായാലും, ഈ സംഭവത്തോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.



















































