ഉത്തർപ്രദേശ്: സുൽത്താൻപൂരിൽ വിവാഹാഘോഷത്തിനിടെ ഉച്ചത്തിൽ പാട്ട് വെച്ചത് കോഴിഫാമിൽ പരിഭ്രാന്തി പരത്തുകയും 140 കോഴികൾ ചാവുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ഉച്ചത്തിലുള്ള സംഗീതം മൃഗങ്ങളിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുകയും ചെയ്തിട്ടുണ്ട്. വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലെ (ബരാത്ത്) അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതമാണ് സുൽത്താൻപൂരിലെ ഒരു കോഴിഫാമിലെ 140 കോഴികളുടെ മരണത്തിന് കാരണമായത്.
ഏപ്രിൽ 25ന് ബൽദിറായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദരിയാപൂർ ഗ്രാമത്തിലാണ് സംഭവം. പ്രാദേശികവാസിയായ ഒരാളുടെ മകളുടെ വിവാഹത്തിനായി കുദ്വാർ മേഖലയിലെ രാം ഭദ്ര ഗ്രാമത്തിൽ നിന്നാണ് വിവാഹസംഘം എത്തിയത്. ഗ്രാമത്തിലൂടെ കടന്നുപോയ ഘോഷയാത്രയിലെ ഡിജെ സിസ്റ്റം സാബിർ അലി എന്നയാളുടെ കോഴിഫാമിന് മുന്നിലെത്തിയപ്പോൾ വലിയ ശബ്ദത്തിലാണ് പാട്ട് വെച്ചിരുന്നത്.
അമിതമായ ശബ്ദം കാരണം ഫാമിലെ കോഴികൾ പരിഭ്രാന്തരാവുകയും പരസ്പരം തട്ടി മറിയുകയും ചെയ്തു. ഈ തിക്കും തിരക്കിനും ബഹളത്തിനുമിടയിലാണ് 140 ഓളം കോഴികൾ ചത്തതെന്ന് സാബിർ അലി പരാതിപ്പെട്ടു. സംഭവത്തില്‍ ഡി ജെ ഓപ്പറേറ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

















































