നാദാപുരം: തൂണേരിയിൽ ആർഎംപി പ്രവർത്തകന്റെ വീട്ടിൽ കുടിവെള്ളത്തിനുപയോഗിക്കുന്ന കിണറിൽ മലം തള്ളിയതായി കണ്ടെത്തി. തൂണേരി ചെക്കായിപ്പീടികയ്ക്കു സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്.
ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന് സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നതറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി. ആർഎംപി രൂപവത്കരണം മുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. തനിക്ക് വ്യക്തിപരമായി ആരുമായും പ്രശ്നമൊന്നുമില്ലെന്ന് മനോജൻ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
കുറ്റക്കാരെ എത്രയുംപെട്ടെന്ന് നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ പി. ഷാഹിന, തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സ്ഥിരംസമിതി ചെയർമാൻ കെ.എം. സമീർ, യു.ഡി.എഫ്. നേതാക്കളായ മോഹനൻ പാറക്കടവ്, രവീഷ് വളയം, സി.കെ. സുബൈർ, അശോകൻ തൂണേരി, സി. അബ്ദുൽ ഹമീദ്, എ.കെ.ടി. കുഞ്ഞമ്മദ്, മനോജൻ കുന്നത്ത്, ഹരീഷ് തുടങ്ങിയവർ വീട് സന്ദർശിച്ചു.















































