ബെംഗളൂരു: 14 വയസ്സുള്ള മകനെ ഉപേക്ഷിച്ച് 22 കാരനെ വിവാഹം കഴിച്ച 37 കാരി സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ബെംഗളൂരു സ്വദേശിയായ കവിതയും(37) മൈസൂരു സ്വദേശിയായ ഭാസ്‌കറുമാണ്(22) കുടുംബാംഗങ്ങളുടെ വധഭീഷണിയെ തുടര്‍ന്ന് പൊലീസിനെ സമീപിച്ചത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എട്ട് വര്‍ഷം മുന്‍പ് കവിതയുടെ ഭര്‍ത്താവ് മരിച്ചിരുന്നു.
പിന്നീട് 14 വയസ്സുള്ള മകനൊപ്പം ബെംഗളൂരുവിലെ വീട്ടില്‍ പിതാവിനൊപ്പം താമസിച്ചുവരികയായിരുന്നു. വീട്ടുജോലി ചെയ്താണ് കവിത മകനെ വളര്‍ത്തിയത്. അതിനിടെയാണ് കവിത ബന്ദേ മകലമ്മ ക്ഷേത്രത്തില്‍ വെച്ച് ഓട്ടോ ഡ്രൈവറായ ഭാസ്‌കറെ പരിചയപ്പെടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. അതിനിടെയാണ് ബന്ധുക്കള്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചത്.
ഇതോടെ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചു. മകനെ സ്വന്തം വീട്ടില്‍ ഉപേക്ഷിച്ചാണ് കവിത ഭാസ്‌കറിനൊപ്പം പോയത്. തുടര്‍ന്ന് മൈസൂരിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായി. ഇതിനിടെ, കവിതയെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി കവിതയുടെ പിതാവ് കുമ്പല്‍ഗോഡ് പൊലീസില്‍ പരാതി നല്‍കി. വിവാഹത്തിന് ശേഷം മൈസൂരിലെ രാമനഹള്ളിയില്‍ താമസം ആരംഭിച്ച ദമ്പതികള്‍ക്ക് കവിതയുടെ ബന്ധുക്കളില്‍ നിന്നു വധഭീഷണി ഉയര്‍ന്നിരുന്നു. കവിതയുടെ സഹോദരന്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, ജീവനില്‍ ഭയമുണ്ടെന്നുമാണ് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.















































