തിരുവനന്തപുരം: ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചു. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബൈക്ക് യാത്രികരുടെ പുറത്താണ് ഉപകരണം പതിച്ചത്. ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിൻ്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇതോടെ പരിഭ്രാന്തിയിലായി.
ഉപകരണത്തിന് ഭാരം ഇല്ലാത്തതിനാൽ ബൈക്ക് യാത്രികർക്ക് പരുക്കേറ്റില്ല. ഹൈഡ്രജൻ ബലൂണിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. ഉടനെ സ്‌ഥലത്തെത്തിയ പള്ളിക്കൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ
ഐഎസ്ആർഒയുടെ ഉപകരണം ആണെന്ന് മനസ്സിലായി. ‘ഐഎസ്ആർഒ’ എന്നും ‘പൊട്ടിത്തെറി, അപകടം എന്നിവ ഉണ്ടാക്കില്ല’ എന്നും ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാരുടെ പരിഭ്രാന്തി മാറിയത്.
അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്‌ഥ, കാറ്റ്, മഴ, ഇടി,മിന്നൽ ന്യൂനമർദം എന്നിവയെ കുറിച്ചും അറിയാൻ ഐഎസ്ആർഒ എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണിൽ ഇത്തരത്തിൽ യന്ത്രം അന്തരീക്ഷത്തിൽ അയയ്ക്കാറുണ്ട് എന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സാധാരണ കടലിൽ പതിക്കാറുള്ള ഉപകരണം പ്രതികൂല കാലാവസ്ഥയുള്ളപ്പോൾ കരയിൽ പതിക്കാറുണ്ട്. ചെറിയ മോട്ടർ ഘടിപ്പിച്ച യന്ത്രം ആയതിനാൽ ജനവാസ മേഖലയിൽ വീണാലും അപകടം ഉണ്ടാക്കാറില്ലെന്ന് ഐഎസ്ആർഒ ജീവനക്കാർ വ്യക്തമാക്കി. പള്ളിക്കൽ സ്റ്റേഷനിൽ സൂക്ഷിച്ച ഉപകരണം അധികൃതർക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.















































