കോഴിക്കോട്: തിരുവള്ളൂരില്‍ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടില്‍ പാതിരാത്രി പൊലീസ് കയറിയതിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുല്‍കിഫില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് മിസ്അബ് കീഴരയിരൂർ ഉള്‍പ്പെടെ 10 പേർക്കെതിരെയാണ് കേസ്.
പൊലീസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. വീട്ടിലെ പൊലീസ് അതിക്രമത്തിൽ അസ്മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിനിടെ, കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായ തിരുവള്ളൂരില്‍ സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകനായ സ്വർണ വ്യാപാരിയെ വെട്ടിപരിക്കേല്‍പിച്ച ശേഷം അഞ്ച് പവൻ സ്വർണം കവർന്നെടുത്തതായി വ്യാപാരി പരാതിപ്പെട്ടു.
തന്നെ ആക്രമിച്ച സംഘത്തിലെ സുരേഷാണ് സ്വർണവും ഫോണും എടുത്തതെന്ന് വെട്ടേറ്റ വ്യാപാരി യൂസുഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് സംഘർഷങ്ങളുടെ തുടർച്ചായി കഴിഞ്ഞ ഞായറാഴ്ചയാണ് യുഡിഎഫ് പ്രവർത്തകനും ജ്വല്ലറി ഉടമയുമായ യൂസൂഫിനെ സി പി എം പ്രവർത്തകർ ആക്രമിച്ചത്. കൊല്ലുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്നാണ് യൂസുഫ് പറയുന്നത്.














































