വട്ടിയൂർക്കാവ്: നെട്ടയം മലമുകളിൽ സി.പി.എം, ബി.ജെ.പി. പ്രവർത്തകർ തമ്മിലുള്ള സംഘർഷം അക്രമത്തിലും പോലീസിനു നേരേയുള്ള കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചു. ഒരു പോലീസുകാരന് കല്ലേറിൽ പരിക്കേറ്റു.
ബന്ധുക്കളും അയൽക്കാരുമായ സുനിൽ, ബിനു എന്നിവർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്.
ഒരു പെൺകുട്ടിയെ ഇതിലൊരാൾ അസഭ്യം പറഞ്ഞതായി വട്ടിയൂർക്കാവ് പോലീസിൽ പരാതി കിട്ടി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സ്റ്റേഷനിൽ പോയി തിരിച്ചുവരികയായിരുന്ന സുനിലിനെ മലമുകളിൽവെച്ച് ഒരു സംഘം തടഞ്ഞുനിർത്തി മർദിച്ചു.
സുനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ സുനിലിനെ പിന്തുണച്ച് ബി.ജെ.പി.യും എതിർത്ത് സി.പി.എമ്മും രംഗത്തെത്തി. വട്ടിയൂർക്കാവ് പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ബി.ജെ.പി. പ്രവർത്തകർ ആരോപിച്ചു. വൈകീട്ട് ഏഴോടെ ഇരുവിഭാഗവും മലമുകൾ ജങ്ഷനിൽ നിരന്നതോടെ പോലീസും സ്ഥലത്തെത്തി. കൂടിനിന്നവരെ ഓടിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിനുനേരെ കല്ലെറിഞ്ഞു. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ദീപുവിന് കല്ലേറിൽ പരിക്കേറ്റു. ഇയാളെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് മലമുകളിൽ രാത്രി വൈകിയും പോലീസ് തുടരുന്നുണ്ട്. രാത്രി പതിനൊന്നരയോടെ ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകർ വട്ടിയൂർക്കാവ് സ്റ്റേഷനു മുന്നിലെത്തി പ്രതിഷേധിച്ചു.
നെട്ടയം മലമുകളിൽ ഞായറാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ സി.പി.എം- ബി.ജെ.പി. സംഘർഷത്തിന്റെ തുടർച്ചയായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി-ആർ.എസ്.എസ്. പ്രവർത്തകർ രാത്രി 11.30-ഓടെ പ്രതിഷേധമാർച്ച് നടത്തി. തുടർന്ന് ഇവർ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. സംഘർഷമുണ്ടായപ്പോൾ ഏകപക്ഷീയമായി പ്രവർത്തിച്ച വട്ടിയൂർക്കാവ് സി.ഐ. വിപിനും ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർക്കുമെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
രാത്രി 12-ഓടെ പിരിഞ്ഞുപോകാൻ തുടങ്ങിയ പ്രവർത്തകർക്കിടയിലേക്ക് ആരോപണവിധേയനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ എത്തിയതോടെ വീണ്ടും സംഘർഷാവസ്ഥയായി. പിരിഞ്ഞുപോയവർ തിരിച്ചെത്തി സ്റ്റേഷന് മുന്നിൽ ബഹളം വെച്ചു.
സംഘർഷവിവരമറിഞ്ഞു സ്ഥലത്തെത്തിയ കന്റോൺമെന്റ് അസി. കമ്മിഷണർ അജയ്നാഥുമായി ബി.ജെ.പി. നേതാക്കളായ ഗിരികുമാർ, സുധാകരൻ എന്നിവർ നടത്തിയ ചർച്ചയെത്തുടർന്ന് രാത്രി ഒരു മണിയോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് ബി.ജെ.പി. നേതാക്കൾ പറഞ്ഞു. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും ക്രമസമാധാനപാലനത്തിനായാണ് ലാത്തിച്ചാർജ് നടത്തേണ്ടിവന്നതെന്നും കന്റോൺമെന്റ് എ.സി. പറഞ്ഞു. സംഘർഷസാധ്യത മുന്നിൽക്കണ്ട് സ്ഥലത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം അവസാനിച്ചെങ്കിലും രാത്രി വൈകിയും ബി.ജെ.പി. പ്രവർത്തകർ പ്രദേശത്ത് കൂടിനിൽക്കുകയാണ്.













































