ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ താരവും നടിയുമായ മോണാലിസക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ ഭർത്താവ് ഫർമാൻ ഖാൻ നിയമ നടപടികൾ നേരിടേണ്ടിവരും.കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം (പോക്സോ) ഫർമാൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കേരളത്തിൽവെച്ചാണ് മോണലിസ ഫർമാൻ ഖാനെ വിവാഹം കഴിച്ചത്. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുന്നടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പ്രായം സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടായി. പരാതിയെത്തുടർന്ന് എൻസിഎസ്ടി കേരളത്തിലും മധ്യപ്രദേശിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. കമ്മിഷൻ ചെയർമാൻ അന്തർ സിങ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ മോണലിസ പാർദി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നും അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി. ഔദ്യോഗിക ആശുപത്രി രേഖകൾ പ്രകാരം, 2009 ഡിസംബർ 30നാണ് മോണാലിസ ജനിച്ചത്.
അതായത് 2026 മാർച്ച് 11-ന് വിവാഹിതയാകുമ്പോൾ അവൾക്ക് 16 വയസ്സിൽ താഴെയായിരുന്നു പ്രായം. വിവാഹം നടത്തിയത് കേരളത്തിൽ വെച്ചാണെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവൾക്ക് പ്രായപൂർത്തിയായതായി കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി നിർമ്മിച്ച രേഖകൾ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. പ്രായം തെറ്റായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. വിവാഹം നടന്ന ക്ഷേത്ര അധികൃതർ ദമ്പതികൾ നൽകിയ ആധാർ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.


















































