ദില്ലി: അസം,കേരള ,കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിഎന്നിവിടങ്ങളിലെ 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയാവുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം വൈകുന്നേരം അഞ്ച് മണിവരെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ പങ്കാളിത്തത്തിൽ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി. പുതുച്ചേരിയിൽ 86.4% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, തൊട്ടുപിന്നിൽ അസമിൽ 84.4% വോട്ടെടുപ്പ് നടന്നു. കേരളത്തിൽ വൈകുന്നേരം അഞ്ച് മണിവരെ 75% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ഔസുഡു മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ്—92.04 ശതമാനം.
കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 2.71 കോടിയിലധികം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 18-19 പ്രായപരിധിയിലുള്ള 4.24 ലക്ഷം യുവ വോട്ടർമാരും 85 വയസ്സിനു മുകളിലുള്ള 2 ലക്ഷത്തിലധികം മുതിർന്നവരും പട്ടികയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.
ആകെ വോട്ടർമാരായ 2.71 കോടിയിൽ 2.03 കോടി പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 2021-ലെ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനമായ 74.06-നെ ഇന്ന് അഞ്ച് മണിക്ക് മുൻപ് തന്നെ കേരളം മറികടന്നു എന്നത് ശ്രദ്ധേയമാണ്.
പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ മൂന്നാം തവണയും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് തിരിച്ചുവരവിനായി ശക്തമായ പോരാട്ടത്തിലാണ്. ബിജെപി തങ്ങളുടെ നില മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
അസമിലെ 126 അംഗ നിയമസഭയിലേക്ക് 2.5 കോടിയിലധികം വോട്ടർമാരും 722 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനായി 31,490 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും കോൺഗ്രസ് നേതൃത്വത്തിലുള്ള ആറംഗ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. അതേസമയം, പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലായി 10.14 ലക്ഷത്തിലധികം വോട്ടർമാരാണ് ഉള്ളത്. എഐഎൻആർ കോൺഗ്രസ് നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. നടൻ വിജയുടെ തമിഴക വെട്രി കഴകവും ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇറക്കിയിട്ടുണ്ട്.

















































