അടൂർ: യുഡിഎഫ് സ്ഥാനാർഥിയായ സി.വി ശാന്തകുമാർ മാധ്യമങ്ങൾക്കുമുന്നിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞു. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനും എൽഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതികരണം. തനിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി എത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാന്തകുമാർ കൊലപാതക കേസിലെ പ്രതിയാണെന്നടക്കമുള്ള ആരോപണങ്ങളാണ് നോട്ടീസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
“എന്നെ ഇല്ലാതാക്കാനാണ് ശ്രമം. ഞാൻ ഒരിക്കലും പ്രതിയായിട്ടില്ല. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് അവർ ശ്രമിക്കുന്നത്. ഞാനൊരിക്കലും പ്രതിയായിട്ടില്ല. എന്റെ ജീവന് ഭീഷണിയുണ്ട്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുക.കോൺഗ്രസ് പ്രവർത്തകരാണ് എനിക്ക് ആശ്രയം. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്’ ശാന്തകുമാർ വിങ്ങിപ്പൊട്ടി. തനിക്കെതിരെ ഇത്തരം കേസുകളൊന്നുമില്ലെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങൾ അസത്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.സി. കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ പ്രക്രിയയാണെന്നും, ജയപരാജയങ്ങൾ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും പറഞ്ഞ് അദ്ദേഹം കണ്ണീരോടെ പ്രതികരിച്ചു. താൻ “കെട്ടിയിറക്കിയ” സ്ഥാനാർഥിയല്ലെന്നും വ്യക്തമാക്കി.
തനിക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് തെളിയിച്ചാൽ ഉടൻ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന വെല്ലുവിളിയും അദ്ദേഹം ഉയർത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ നോട്ടീസുകൾ പ്രചരിപ്പിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
നോട്ടീസ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് സി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, എൽഡിഎഫ് പ്രതിഷേധത്തെ തുടർന്ന് അവരെ വിട്ടയച്ചു. അതേസമയം, നോട്ടീസുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്.
അതേസമയം, തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തിൽ നിശബ്ദ പ്രചാരണം നടത്തേണ്ട ഇന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയതിന് സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിനാലാണ് അത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങിയത്.















































